തിരുവനന്തപുരം: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരവും എസ്ബിഐ ഡപ്യൂട്ടി ജനറൽ മാനേജരുമായിരുന്ന കെ. ജയമോഹൻ തന്പിയുടെ മരണം മകന്റെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് പോലീസ്.
ജയമോഹന്റെ മൂക്കിന് ശക്തിയായി ഇടിച്ചതിന്റെ ആഘാതത്തിൽ ചുവരിൽ തലയിടിച്ച് നിലത്ത് വീണ് ജയമോഹന് നേരെ മകൻ വീണ്ടും ക്രൂരമർദ്ദനം നടത്തിയെന്ന് പോലീസിന്റെ ചോദ്യം ചെയ്യലിൽ മകൻ വെളിപ്പെടുത്തി.
ജയമോഹന്റെ മരണവുമായി ബന്ധപ്പെട്ട് മൂത്ത മകൻ അശ്വിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ വിവരങ്ങൾ അശ്വിൻ വെളിപ്പെടുത്തിയത്.
സംഭവം നടക്കുന്നതിന് മുൻപ് ജയമോഹന്റെ സഹായി ആയിരുന്ന പ്രദേശവാസി ഈ വീട്ടിൽ ഉണ്ടായിരുന്നു. ജയമോഹന്റെ മരണത്തിൽ ഇയാൾക്ക് പങ്കുണ്ടൊയെന്ന് പോലീസ് പരിശോധിക്കുകയാണ്.
അശ്വിന് ഇയാൾ സഹായം ചെയ്ത് കൊടുത്തോയെന്നും കൊലപാതക വിവരം മറച്ചു വച്ചിരുന്നുവൊ എന്നതിനെക്കുറിച്ചും സഹായിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇരുവരെയും ഒരുമിച്ചിരുത്തിയും വെവ്വേറെയുമാണ് ചോദ്യം ചെയ്യുന്നത്.
ജയമോഹന്റെ എടിഎം കാർഡും പേഴ്സും കൈകാര്യം ചെയ്തിരുന്നത് അശ്വിൻ ആയിരുന്നു. സംഭവ ദിവസം ജയമോഹൻ പഴ്സും എടിഎം കാർഡും അശ്വിനോട് മടക്കി ചോദിച്ചിരുന്നു.
ഇതേ ചൊല്ലിയാണ് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അശ്വിൻ കടുത്ത മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. പോലീസിന്റെ കസ്റ്റഡിയിൽ ഉള്ള ജയമോഹന്റെ സഹായിയായ പ്രദേശവാസി അശ്വിന്റെയും സഹായി ആയി മാറുകയായിരുന്നു.
കൊലപാതകത്തിൽ ഇയാൾക്ക് പങ്കുണ്ടൊയെന്നും പ്രലോഭനം നൽകിയിരുന്നുവൊ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളാണ് അന്വേഷണം സംഘം ചോദ്യം ചെയ്യലിൽ ചോദിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെയാണ് ജയമോഹൻ തന്പിയെ മണക്കാട് മുക്കോലയിലുള്ള വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്പിയുടെ വീടിന്റെ മുകളിലത്തെ നിലയിൽ വാടകയ്ക്കു താമസിക്കുന്നവർ ദുർഗന്ധത്തെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് മുറിക്കുള്ളിൽ തറയിൽ കിടക്കുന്ന രീതിയിൽ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുള്ളതായി പോലീസ് വ്യക്തമാക്കിയിരുന്നു. വീടിന്റെ സിറ്റൗട്ടിനോട് ചേർന്ന മുറിയിലാണ് മകൻ അശ്വിൻ താമസിച്ചിരുന്നെങ്കിലും ഇയാളുടെ മൊഴിയിലും പെരുമാറ്റത്തിലും അസ്വാഭാവികതയുള്ളതായി പോലീസിനു സംശയം തോന്നിയിരുന്നു.
അച്ഛൻ ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാൽ സംശയമൊന്നും തോന്നിയില്ലെന്നുമാണ് അശ്വിൻ പോലീസിനോടു പറഞ്ഞത്. വീടുനുള്ളിലേക്കുള്ള പ്രധാനവാതിലും മൃതദേഹം കണ്ടെത്തിയ മുറിയുടെ വാതിലും പൂട്ടിയിരുന്നില്ല. ഇതും സംശയത്തിനിടയാക്കിയിരുന്നതായി പോലീസ് പറഞ്ഞു.
രണ്ട് വർഷം മുൻപ് ഭാര്യ അനിത മരിച്ചതിനെ തുടർന്ന് മകൻ മാത്രമായിരുന്നു ജയമോഹൻ തന്പിക്കൊപ്പം വീട്ടിൽ താമസിച്ചിരുന്നത്. ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നു. ആലപ്പുഴ സ്വദേശിയായ ജയമോഹൻ തന്പി 1982-84 കാലത്ത് കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു.
ഇക്കണോമിക്സിൽ എംഎ ബിരുദം നേടിയ ശേഷം എസ്ബിടിയിൽ ഉദ്യോഗസ്ഥനായ തന്പി 15 വർഷത്തോളം എസ്ബിടിക്കു വേണ്ടി കളിച്ചു. ഡപ്യൂട്ടി ജനറൽ മാനേജരായാണ് അദ്ദേഹം ജോലിയിൽ നിന്നു വിരമിച്ചത്.
ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായർ , ഫോർട്ട് സിഐ ബിജുഎന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. അശ്വിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.
രക്തം പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തു
തിരുവനന്തപുരം: മുൻ കേരള രഞ്ജി ട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തന്പിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവുമായി ബന്ധപ്പെട്ട് ജയമോഹന്റെ വീട്ടിൽ നിന്നും രക്തം പുരണ്ട വസ്ത്രങ്ങൾ പോലീസ് കണ്ടെടുത്തു.
സംഭവത്തെ തുടർന്ന് ഇന്നലെ മകൻ അശ്വിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ അശ്വിൻ മദ്യലഹരിയിലായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലിൽ അശ്വിൻ കുറ്റം സമ്മതിച്ചു. ജയമോഹന്റെ മൃതദേഹം മകൻ അശ്വിൻ വലിച്ചിഴച്ച് കൊണ്ട് പോയത് കണ്ടതായി അയൽവാസികളും പോലീസിൽ മൊഴി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച രാവിലെ അശിനും ജയമോഹനും ഒരുമിച്ചിരുന്നു മദ്യപിച്ചിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന അശ്വിന് കഴിഞ്ഞ ആറ് മാസമായി ജോലി നഷ്ടപ്പെട്ട് കഴിയുകയായിരുന്നു.
അശ്വിന്റെ ചെലവുകൾക്ക് പണം നൽകിയിരുന്നത് ജയമോഹനായിരുന്നു. ഈ ആവശ്യത്തിനാണ് ജയമോഹന്റെ പേഴ്സും എടിഎം കാർഡും അശ്വിനെ ഏൽപ്പിച്ചിരുന്നത്.
മദ്യപാനത്തിനിടെ ജയമോഹൻ തന്റെ പേഴ്സും എടിഎം കാർഡും തിരികെ നൽകാൻ അശ്വിനോട് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. മർദ്ദനത്തെ തുടർന്ന് നിലത്ത് വീണ ജയമോഹനെ വലിച്ചിഴച്ച് കട്ടിലിൽ കൊണ്ട് വന്ന് കിടത്തിയിരുന്നു.