കാസർഗോഡ്: ദളിതരെയും പിന്നോക്കക്കാരെയും മേൽജാതിക്കാരായ ജാട്ടുകൾ അടിച്ചമർത്തിയതാണ് ദേര സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിംഗിന്റെ വളർച്ചയ്ക്കു വഴിയൊരുക്കിയതെന്ന് പ്രശസ്ത തമിഴ്-മലയാളം സാഹിത്യകാരൻ ജയമോഹൻ. നോവലിസ്റ്റ് സി.വി. ബാലകൃഷ്ണനെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ജയമോഹൻ ദീപികയോടു സംസാരിക്കുകയായിരുന്നു.
മൂന്നു തവണ പഞ്ചാബിൽ പോകുകയും അവിടുത്തെ ജീവിതം നേരിൽ കാണുകയും ചെയ്തിട്ടുണ്ട്. സിക്കുകാരിൽത്തന്നെ മേൽജാതിയും കീഴ്ജാതിയുമുണ്ട്. ദേര സച്ചാ സൗദ അനുയായികൾ ഇപ്പോൾ നടത്തുന്ന അക്രമങ്ങളെക്കുറിച്ച് പറയുമ്പോൾ കാലാകാലങ്ങളായി ജാട്ടുകൾ ദളിതർക്കുനേരേ നടത്തിവരുന്ന അക്രമങ്ങൾ കാണാതെ പോകരുത്.
തങ്ങൾക്കു നേരെ നടന്ന അക്രമത്തിന് അതേനാണയത്തിൽത്തന്നെ പകരം ചോദിക്കാൻ ഇവർ തുനിഞ്ഞിറങ്ങിയപ്പോഴാണ് ഗുർമീത് രംഗത്തുവന്നത്. ഇതിൽ ആത്മീയചിന്തയ്ക്കു യാതൊരു സ്ഥാനവുമില്ല. ഒരു രക്ഷകന്റെ പരിവേഷമായിരുന്നു ഗുർമീതിന് പിന്നോക്കവിഭാഗക്കാർ നൽകിയത്. ഇയാൾ അഭിനയിച്ച സിനിമകളും മ്യൂസിക് വീഡിയോകളും ഈ വീരനായകപരിവേഷം ഊട്ടിയുറപ്പിക്കുന്നതിൽ സഹായകമായി.
തെരഞ്ഞെടുപ്പിൽ ജാതീയത പഞ്ചാബിൽ നിർണായകഘടകമാണ്. ബിജെപി പഞ്ചാബിൽ തോൽക്കാൻ കാരണം ദേര സച്ചാ സൗദയുടെ പിന്തുണ സ്വീകരിച്ചതാണ്. പിന്നോക്കവിഭാഗക്കാരുടെ വോട്ട് ബിജെപി നേടിയെങ്കിലും മേൽജാതിക്കാരുടെ വോട്ട് നേടാനായില്ലെന്നതാണ് യാഥാർഥ്യം.
തമിഴിലെ മുൻനിര സാഹിത്യകാരന്മാരിലൊരാളായ ജയമോഹൻ സിനിമയിലും സജീവമാണ്. ബാഹുബലിക്കുശേഷം ഇന്ത്യൻ സിനിമാലോകം കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യുടെ തിരക്കഥ രചിച്ചിരിക്കുന്നത് ജയമോഹനും സംവിധായകൻ ശങ്കറും ചേർന്നാണ്. ഇന്ത്യൻ സിനിമയിലെ ഏറ്റവും മുതൽമുടക്കുള്ള ചിത്രമായ 2.0 യുടെ നിർമാണച്ചെലവ് 450 കോടി രൂപയാണ്. ആദ്യഭാഗത്തേക്കാൾ ഗംഭീരമായിരിക്കും രണ്ടാംഭാഗമെന്ന് ജയമോഹൻ പറയുന്നു.
-ഷൈബിൻ ജോസഫ്–