ചാത്തന്നൂർ: സ്ലാബിൽ ഇരുന്ന് മകനെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത് എങ്ങനെയെന്ന് ജയമോൾ പൊലീസിന് കാണിച്ചു കൊടുത്തത് നിർവികാരതയോടെ. അടുക്കളയിൽ സ്ളാബിന് മുകളിൽ ഇരിക്കുകയായിരുന്നു ജിത്തു കഴുത്തിൽ ഷാൾ മുറുകിയതിനെ തുടർന്ന് താഴെ വീണു. മരണം ഉറപ്പാക്കാൻ വെട്ടുകത്തി കൊണ്ട് കഴുത്തിന് വെട്ടി. ശേഷം അടുക്കള വാതിലിൽ കൂടി പുറത്തേയ്ക്ക് വലിച്ചിറക്കിയ മൃതശരീരം ആദ്യം വീടിനോട് ചേർന്ന് മതിലിന് സമീപത്തിട്ടാണ് കത്തിച്ചത്.
എന്നാൽ മൃതദേഹം പൂർണ്ണമായും കത്താത്തതിനെ തുടർന്ന് വെള്ളമൊഴിച്ച് അണച്ചു. ഈ ഭാഗം പൊലീസിന് കാണിച്ചു കൊടുത്തു. ചാരം അടിഞ്ഞു കൂടിയ നിലയിലായിരുന്നു ഇവിടം. ശേഷം ഒരു തോർത്ത് ഉപയോഗിച്ച് മൃതദേഹം കെട്ടിവലിച്ച് ചുറ്റുമതിൽ ചാടി കടന്ന് അടുത്തുള്ള റബ്ബർ തോട്ടം വഴി കുടുംബ വീടിനടുത്തെ മരച്ചിനി തോട്ടത്തിലുള്ള പഴയ സെപ്റ്റിടാങ്കിന് സമീപമുള്ള വാഴക്കൂട്ടത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
സ്ഥിരമായി റബർ ടാപ്പു ചെയ്യാൻ ജയമോൾ പോയിരുന്നത് ഈ വഴിയുള്ള മതിൽ ചാടിക്കടന്നായിരുന്നു. അതുകൊണ്ട് തന്നെ ജിത്തുവിന്റെ മൃതദേഹം എടുത്തുയർത്തി അപ്പുറത്തേക്ക് ഇട്ടത് താൻ ഒറ്റക്കാണെനന്നും യുവതി പോലീസിനോട് തെളിവെടുപ്പിനിടെ വ്യക്തമാക്കി.
കത്തി കരിഞ്ഞ് വേർപെട്ട എല്ലിൻ കഷണങ്ങളും മൃതദേഹം നീക്കം ചെയ്യാനുപയോഗിച്ച തുണികളും പോലീസ് ഇന്നലെ കണ്ടെടുത്തു. മുക്കാൽ മണിക്കൂറോളം പൊലീസ് പ്രതിയെയും കൊണ്ട് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിന്റെ സമയത്ത് ഉടനീളം യാതൊരു കൂസലുമില്ലാതെയാണ് മകന്റെ ഘാതകയായ അമ്മ പെരുമാറിയത്.
കൊലപാതകമറിഞ്ഞ് ജനപ്രീതിനിധികളടക്കം വൻ ജനാവലിയാായിരുന്നു. കുണ്ടറ എം.ജി.ഡി.സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി യായിരുന്നു ജിത്തു. സംഭവ സമയം ജിത്തുവിൻറെ സഹോദരി ടീന ബന്ധുവീട്ടിലായിരുന്നുവത്ര. അമ്മ കൊലപ്പെടുത്തിയ പതിനാലുകാരനായ ജിത്തുവിൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുരീപള്ളി സെന്റ് ജോര്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിലാണ് സംസ്കരിച്ചത്.
കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ശ്രീനിവാസ്, എ.സി.പി സതീഷ് കുമാർ, കൊട്ടിയം എസ്.എച്ച്.ഓ, അജയ് നാഥ്, എസ്.ഐമാരായ അനൂപ്, നിസാർ എന്നിവരുടെ നേത്യത്വത്തിലാണ് കേസ്അന്വേഷണം നടത്തിയത്.