ചാത്തന്നൂർ: സ്വന്തം അമ്മയുടെ കൈ കൊണ്ട് കൊല്ലപ്പെട്ട ജിത്തു യാത്രയായത് ഒരുപിടി അമ്മമാരുടെയും സഹപാഠികളുടെയും നാട്ടുകാരുടെയും കണ്ണീരും പ്രാര്ഥനയും ഏറ്റുവാങ്ങി. നാട്ടുകാരുടെ രോഷം അതിരുവിടാതിരിക്കാൻ വൻ പൊലീസ് സന്നാഹവും മൃതദേഹത്തോടൊപ്പം അനുഗമിച്ചിരുന്നു. വീട്ടിലേക്ക് എത്തിയ അയൽക്കാരായ സ്ത്രീകളും ജോബിന്റെ സഹപാഠികളും കരച്ചിലടക്കാൻ ഏറെ പാടുപെട്ടു. ഇന്നലെ ഉച്ചയ്ക്കാണ് ജിത്തുവിൻറെ മൃതദേഹം വീട്ടിലെത്തിച്ചത്.
നാലോടെയാണ് അലാറം മുഴക്കി കൂരിപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊലയാളിയായ അമ്മ ജയമോളുമായി പോലീസ് ജീപ്പ് കടന്നെത്തിയത്. തിങ്ങിക്കൂടിയ ജനക്കൂട്ടത്തിനിടയിലേയ്ക്ക് പോലീസ് ജീപ്പ് പാഞ്ഞു വന്നെത്തി നിന്നപ്പോഴേയ്ക്കും ജനങ്ങളുടെ ഇടയിൽ പ്രതിഷേധ കൊടുങ്കാറ്റുയർന്നു. തടിച്ചുകൂടിയ ജനക്കൂട്ടം രോഷംകൊണ്ട് കൂക്കുവിളികളും അസഭ്യവർഷവും നടത്തി.
തടിച്ചുകൂടിയ ജനക്കൂട്ടം രോഷം കൊണ്ട് വിളിച്ചു പറഞ്ഞത് ഇങ്ങനെയായിരുന്നു “നീ.. എന്തിനാടീ.. ആ കൊച്ചിനെ കൊന്നത്?.. സാറെ അവളെ ഞങ്ങൾക്കു വിട്ടുതന്നേരേ.. ഞങ്ങള് കൈകാര്യം ചെയ്തോളാം”.പോലീസ് ജീപ്പിൽനിന്ന് ജയമോളെ പുറത്തേയ്ക്കിറക്കിയ ഉടൻ നാട്ടുകാർ ചീമുട്ട എറിഞ്ഞു പ്രതിക്ഷേധിച്ചതോടെ പോലീസ് ചെറിയ തോതിൽ ബലപ്രയോഗം നടത്തിയാണ് ഇവരെ വീട്ടിനുള്ളിലേയ്ക്ക് കൊണ്ടുപോയത്.
വനിതാ പൊലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് ആദ്യം ജയമോളെ എത്തിച്ചത് കൃത്യം നിർവഹിച്ച വീടിലെ അടുക്കളയിലേക്കായിരുന്നു. തുടർന്ന് ഇവിടെ വെച്ച് എങ്ങനെയാണ് കൊലപാതകം നിർവഹിച്ചതെന്ന കാര്യം അവർ പൊലീസിനോട് പറഞ്ഞു.
സംഭവ ദിവസം വൈകുന്നേരം വീട്ടിലെത്തിയ മകൻ ജിത്തു അടുക്കളയിലെ സ്ലാബിൽ ഇരുന്നു കൊണ്ട് മമമ്മിയുടെ പേരിലുള്ള സ്വത്തുക്കൾ അമ്മക്ക് തരില്ലെന്നാണ് പറയുന്നതെന്ന് ജയ മോളോട് പറഞ്ഞതാണ് ജയമോളെ പ്രകോപിപ്പിച്ചത്. ജയമോളുടെ ഭർത്താവ് ജോബിന്റെ മാതാവിനെ കൊല്ലപ്പെട്ട ജിത്തു മമ്മി എന്നാണ് വിളിച്ചിരുന്നത്.
ജോബിന്റെ ബന്ധുക്കളുമായി പ്രതി ജയമോൾ പിണക്കത്തിലാണ്. മകനോട് ബന്ധുവീടുകളിൽ പോകരുതെന്ന് പല തവണ ഇവർ വിലക്കിയിട്ടുണ്ട്. ബന്ധുവീടുകളിൽ നിന്നും കിട്ടുന്ന വിവരങ്ങൾ വീട്ടിൽ വന്ന് പറയുന്നതിനെ ഇവർ പലപ്പോഴും വിലക്കിയിരുന്നു. സ്വത്ത് കിട്ടില്ലെന്ന് മകൻ പറഞ്ഞതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം.
സംഭവത്തിന് ശേഷം രാത്രി എട്ടോടെ വീട്ടിലെത്തിയ ഭർത്താവ് ജോബിനോട് വീട്ടിൽ നിന്നും സ്കെയിൽ വാങ്ങാൻ അമ്പതു രൂപയും വാങ്ങി പോയ മകനെ കാണാനിലെന്നാണ് ജയമോൾ പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിൽ തിരച്ചിലും പോലീസിൽ പരാതിയും നൽകിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവരുടെ കൈകളിൽ പൊള്ളലും ശരീരത്ത് മുറിവും കാണപ്പെട്ടതിനെ തുടർന്ന് ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.