എ.പി.അരുണ്
കോട്ടയം : ലോകമെന്പാടുമുള്ള മലയാള ചലച്ചിത്ര പ്രേമികളുടെ മനസിൽ ഇന്നും താരനക്ഷത്രമാണ് ജയൻ. നാൽപത്തൊന്നാം വയസിൽ ഹെലികോപ്റ്റർ അപകടം ജയനെന്ന സാഹസിക താരത്തെ കവർന്നെടുത്തിട്ടു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജയൻ തരംഗത്തിന് ഇന്നും കോട്ടമില്ല. ഇന്നു ജയന്റെ 78-ാം ജന്മദിനം ആചരിക്കുന്പോൾ ജയനെ ഹൃദയത്തിലേറ്റിയ ഒരാൾ കോട്ടയത്തുമുണ്ട്. വാഴൂർ എസ്വിആർവിഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ ജി. രാജേഷ്. കടയനിക്കാട് സ്വദേശിയായ ഈ 49കാരന് ജയനോടുള്ള ആരാധന തുടങ്ങുന്നത് ഏഴാം ക്ലാസിൽ പഠിക്കുന്പോഴാണ്.
വെള്ളായണി പരമു, ഇരുന്പഴികൾ, തച്ചോളി അന്പു തുടങ്ങിയ ചിത്രങ്ങൾ ഏറെ ആവേശത്തോടെ കണ്ടു വളർന്ന അന്നത്തെ ആ ബാലന് ഒരിക്കൽ പോലും ജയനോടുള്ള ഇഷ്ടത്തിൽ കുറവുവന്നില്ല, കൂടിയതല്ലാതെ. ശരപഞ്ജരവും അങ്കക്കുറിയും പുതിയ വെളിച്ചവുമെല്ലാം രാജേഷിനെയും ഹരംകൊള്ളിച്ചു. രാജേഷ് എട്ടാം ക്ലാസിൽ പഠിക്കുന്പോഴാണു ജയൻ മരിക്കുന്നത്. പിന്നീട് ജയനെക്കുറിച്ചുള്ള എഴുത്തുകളോ ലേഖനങ്ങളോ എവിടെ കണ്ടാലും ശേഖരിക്കാൻ തുടങ്ങി. അങ്ങനെ ആ ഇഷ്ടം രാജേഷിനൊപ്പം വളർന്നു. ഇന്ന് ജയൻ ചിത്രങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവിലേക്ക് ആ ഇഷ്ടം എത്തിപ്പെട്ടു.
ആരാധകർക്ക് ഒരുപക്ഷേ അറിയാവുന്നത് ജയന്റെ 65 ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മാത്രമായിരിക്കും. എന്നാൽ, രാജേഷ് ഇതുവരെ 116 ചിത്രങ്ങളുടെ വിവരങ്ങൾ ശേഖരിച്ചുകഴിഞ്ഞു. ജയൻ മരിച്ചതു മുതലുള്ള അനുസ്മരണക്കുറിപ്പുകൾ, ജയൻ അഭിനയിച്ച ആദ്യകാല ചിത്രങ്ങൾ മുതലുള്ളവയുടെ വിവരങ്ങൾ, ജയൻ ചിത്രങ്ങളിലെ പാട്ടുകൾ, ഒക്കെ ഈ അധ്യാപകന്റെ കൈകളിൽ ഭദ്രം.
ഇവയിൽ ജയന്റെ വിജയ ചിത്രങ്ങൾ മാത്രമല്ല ഉള്ളത്. 70കളിൽ പരാജയപ്പെട്ട പുഷ്യരാഗം, സന്ധ്യാരാഗം, അനുപല്ലവി തുടങ്ങിയ ചിത്രങ്ങളുൾപ്പെടെയുള്ളവയുടെയും വിവരങ്ങളുണ്ട്. ജയൻ മരിച്ചിട്ടില്ല, ജയൻ അമേരിക്കയിൽ, ജയന്റെ ജീവിതരഹസ്യങ്ങൾ തുടങ്ങി അനവധി ലഘുലേഖകൾ ആയിരങ്ങൾ വായിച്ചതും അതൊക്കെ അച്ചടിച്ചുവന്ന പ്രസിദ്ധീകരണങ്ങൾ ഒക്കെ ചൂടപ്പം പോലെ വിറ്റഴിഞ്ഞതുമെന്ന് രാജേഷ് പറയുന്നു.
ജയൻ അഭിനയച്ച ചിത്രങ്ങളെക്കുറിച്ചും അക്കാലത്ത് പുറത്തു വന്ന പത്രവാർത്തകളുടെയും പരസ്യങ്ങളുടെയും പോസ്റ്ററുകളുടെയും ഒരപൂർവ ശേഖരം രാജേഷിന്റെ കൈവശമുണ്ട്. രാജ് ആർക്കൈവ്സ് എന്നു പേരിട്ടിരിക്കുന്ന ഈ ശേഖരത്തിൽ ജയനുമായി ബന്ധപ്പെട്ട വിവരങ്ങൾക്കൊപ്പം തന്നെ മലയാള സിനിമയിലെ മറ്റ് അപൂർവ വിവരങ്ങളും ഉണ്ട്.
1985നു മുൻപുള്ള മലയാള ചിത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും സിനിമകളുമായി ബന്ധപ്പെട്ട വിവരങ്ങളിൽ ഉള്ള തെറ്റുകൾ തിരുത്തുകയുമാണ് ലക്ഷ്യമെന്നു രാജേഷ് പറഞ്ഞു. മലയാള സിനിമ, അവയുടെ പരസ്യങ്ങൾ-നോട്ടീസുകൾ, പാട്ടുപുസ്തകങ്ങൾ, കൊട്ടകകൾ എന്നിവയെക്കുറിച്ചെല്ലാം ആധികാരികമായ ഗവേഷണഗ്രന്ഥം എഴുതാനുള്ള തയാറെടുപ്പിലുള്ള ഈ അധ്യാപകൻ.