കോളിളക്കം ഓര്‍മയായിട്ട് 36 വര്‍ഷം

jayan4

പ്രദീപ് ഗോപി

വീണ്ടുമൊരു നവംബര്‍ 16. 36 വര്‍ഷം മുമ്പു നടന്ന ഒരു ദുരന്തത്തിന്റെ നടുക്കുന്ന ഓര്‍മകള്‍ ഇന്നും മായുന്നില്ല. സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ജയന്‍ ഓര്‍മയായിട്ട് ഇന്ന് 36 വര്‍ഷം. ജയന്റെ ചിതയ്ക്കു തീകൊളുത്തി അന്ത്യകര്‍മങ്ങള്‍ ചെയ്ത സഹോദരപുത്രന്‍ കണ്ണന്‍ വല്യച്ഛനെക്കുറിച്ചുള്ള ഓര്‍മകള്‍ രാഷ്ട്രദീപികയുമായി പങ്കു വയ്ക്കുന്നു.എനിക്ക് അഞ്ചര വയസുള്ളപ്പോഴാണ് വല്യച്ഛന്‍ മരണപ്പെട്ടത്. ബേബി എന്നു വീട്ടില്‍ വിളിച്ചിരുന്ന വല്യച്ഛനെ ബേബി എന്നാണു ഞാനും വിളിച്ചിരുന്നത്. വീട്ടിലേക്കു വല്യച്ഛന്റെ മൃതദേഹം കൊണ്ടുവരുന്നതിന്റെയും വീട്ടിലേക്കു നിരവധിയാളുകള്‍ എത്തിയതിന്റെയും ഞാന്‍ അന്ത്യകര്‍മങ്ങള്‍ ചെയ്തതുമെല്ലാം വ്യക്തമായി ഓര്‍ക്കുന്നു– കണ്ണന്‍ പറയുന്നു.

മാതാപിതാക്കള്‍ സഞ്ചാരി എന്ന സിനിമയുടെ ലൊക്കേഷനില്‍ എന്നെ കൊണ്ടുപോയതും ഓര്‍ക്കുന്നു. 1980 നവംബര്‍ 16 നാണ് വല്യച്ഛന്‍ മരിച്ചത്. 17 നാണു ചെന്നൈയില്‍ നിന്നു മൃതദേഹം വീട്ടില്‍ കൊണ്ടുവരുന്നത്. വല്യച്ഛന്റെ മരണം അറിയിച്ചുകൊണ്ടുള്ള ടെലഗ്രാം, അദ്ദേഹത്തിന്റെ ഒരു സിറ്റീസണ്‍ വാച്ച് തുടങ്ങിയവ ഞാനിപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പല സിനിമകളിലും അദ്ദേഹം കെട്ടിയിരുന്ന വാച്ചാണത്. വീട്ടിലെ 898 എന്ന ഫോണിലേക്ക് എല്ലാ ദിവസവും വല്യച്ഛന്‍ വിളിക്കുമായിരുന്നു. 14–ാം വയസില്‍ ഒരു കൂട്ടുകാരനുമായി ചേര്‍ന്ന് ചെറിയൊരു ജിംനേഷ്യം ആരംഭിച്ചിരുന്നു. ജയനെക്കുറിച്ച് ഡോക്യുമെന്ററിയും കണ്ണന്‍ നേരത്തെ ചെയ്തിരുന്നു.

15 വര്‍ഷത്തെ സേവനത്തിനു ശേഷം നേവിയില്‍ നിന്നു വിരമിച്ചിട്ടാണ് അദ്ദേഹം സിനിമയിലേക്ക് രംഗപ്രവേശനം നടത്തുന്നത്. 1974 ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ് ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെന്നാണ് പലരുടെയും ധാരണ. എന്നാല്‍ 1973 ല്‍ കൃഷ്ണന്‍ നായര്‍ എന്ന പേരില്‍ തന്നെ രവികുമാറും വിധുബാലയും നായികാനായകന്മാരായ സിനിമയില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു തുടക്കം. പക്ഷേ ഈ സിനിമ ഇടയ്ക്കു വച്ചു നിന്നുപോയി. പിന്നീടു പ്രേം നസീര്‍ നായകനായ പോസ്റ്റ്മാനെ കാണാനില്ല എന്ന സിനിമയില്‍ ഒരു രംഗത്തു മാത്രം പ്രത്യക്ഷപ്പെട്ടു. മൂന്നാമത്തെ സിനിമയാണ് ശാപമോക്ഷം.
jayan

വല്യച്ചന്റെ മുറപ്പെണ്ണായ (അമ്മാവന്റെ മകള്‍) ജയഭാരതിയാണ് ചലച്ചിത്രരംഗത്തു അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. പിന്നെ അവസരങ്ങള്‍ ജയനെ തേടി എത്തുകയായിരുന്നു. നടന്‍ ജോസ്പ്രകാശിന്റെ മകന്‍ രാജന്‍ ജോസഫാണ് ശാപമോക്ഷത്തില്‍ വല്യച്ഛന് അവസരം വാങ്ങിക്കൊടുത്തത്. പിന്നെ 126 സിനിമകളില്‍ അഭിനയിച്ചു. പൂട്ടാത്ത പൂട്ടുകള്‍ എന്ന സിനിമയിലും അഭിനയിച്ചു. –കണ്ണന്‍ പറഞ്ഞുനിര്‍ത്തി. 1939 ജൂലൈ 25ന് കൊല്ലം ജില്ലയില്‍ തേവള്ളി എന്ന സ്ഥലത്തായിരുന്നു ജയന്റെ ജനനം. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കൊല്ലം ശാഖയായ തേവള്ളി കൊട്ടാരത്തിലെ വിചാരിപ്പുകാരനായിരുന്നു ജയന്റെ പിതാവ് മാധവവിലാസം വീട്ടില്‍ മാധവന്‍പിള്ള. സത്രം മാധവന്‍പിള്ള എന്നും കൊട്ടാരക്കര മാധവന്‍പിള്ള എന്നും ജയന്റെ പിതാവ് അറിയപ്പെട്ടിരുന്നു.

മാതാവ് ഓലയില്‍ ഭാരതിയമ്മ. 1980 നവംബര്‍ 16ന് കോളിളക്കം എന്ന സിനിമയില്‍ അഭിനയിക്കുന്നതിനിടയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടായിരുന്നു ജയന്റെ മരണം. സ്കൂള്‍ കാലത്ത് എന്‍.സി.സിയില്‍ ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ട ജയന് അതുവഴി നേവിയിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കുകയായിരുന്നു. പതിനഞ്ച് വര്‍ഷം ജയന്‍ ഇന്ത്യന്‍ നേവിയില്‍ സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ നേവിയില്‍ നിന്ന് രാജിവയ്ക്കുമ്പോള്‍ ജയന്‍ ചീഫ് പെറ്റി ഓഫീസര്‍ പദവിയില്‍ എത്തിയിരുന്നു. രണ്ടു പ്രാവശ്യം മിസ്റ്റര്‍ നേവിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജയന്റെ ശബ്ദം അതുവരെ മലയാള സിനിമയിലെ നായകന്‍മാര്‍ക്കില്ലാതിരുന്ന തരത്തില്‍ ഗാംഭീര്യമുള്ളതായിരുന്നു.

ജയന്റെ മനസിലെ സാഹസികതയോടുള്ള പ്രണയം തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ സംവിധായകര്‍ ജയനുവേണ്ടി അതുവരെയുണ്ടായിരുന്ന മലയാള സിനിമയുടെ കഥാഗതിയെപ്പോലും തിരുത്തിയെഴുതി. സിംഹത്തോടും കാട്ടാനയോടും ഏറ്റുമുട്ടാനോ ക്രെയിനില്‍ തൂങ്ങി ഉയരങ്ങളിലേക്ക് പൊങ്ങിപ്പോകാനോ കൂറ്റന്‍ ഗ്ലാസ് ഡോറുകള്‍ തകര്‍ത്തു മുന്നേറാനോ വലിയ കെട്ടിടത്തില്‍ നിന്നു താഴേക്ക് ചാടാനോ ജയന് ഒട്ടും ഭയമുണ്ടായിരുന്നില്ല. ജയന്റ അസാധ്യമായ പ്രകടനങ്ങള്‍ക്കൊപ്പം നിഴലുപോലെ സഞ്ചരിച്ചിരുന്ന മരണം ഒടുവില്‍ ജയനെ കീഴ്‌പെടുത്തുകയായിരുന്നു.

1974–80 കാലഘട്ടത്തില്‍ മലയാളത്തില്‍ ഏറ്റവും താരമൂല്യമുളള നടനായി ജയന്‍ മാറി. ആറു വര്‍ഷങ്ങള്‍കൊണ്ട് ഒരു തമിഴ് ചിത്രമുള്‍പ്പെടെ ശാപമോക്ഷം മുതല്‍ കോളിളക്കം വരെയുള്ള ജയന്റെ സിനിമകള്‍ ഹിറ്റുകളും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. അങ്ങാടി, കരിമ്പന, മൂര്‍ഖന്‍, തടവറ, ലൗ ഇന്‍ സിംഗപ്പൂര്‍, ഇരുമ്പഴികള്‍, മനുഷ്യമൃഗം, ആവേശം തുടങ്ങി മലയാള സിനിമയില്‍ ബോക്‌സ് ഓഫീസ് ഹിറ്റായ ചിത്രങ്ങള്‍ നിരവധിയാണ്. അഭിനയ കലയോടുളള ആത്മാര്‍ഥത കൊണ്ട് ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയാറായിരുന്നില്ല. വെള്ളിത്തിരയില്‍ സാഹസികത കൊണ്ടു സിനിമാ പ്രേമികളെയും ആരാധകരെയും കോരിത്തരിപ്പിച്ച ജയന്‍ അതുപോലൊരു സാഹസിക ചിത്രീകരണ വേളയില്‍ അപകടത്തില്‍പ്പെട്ടു മരണമടയുകയായിരുന്നു.

പി.എന്‍. സുന്ദരം സംവിധാനം കോളിളക്കം എന്ന സിനിമയിലെ ഒരു സാഹസികരംഗത്തിന്റെ ചിത്രീകരണത്തി നിടയിലുണ്ടായ ഒരു ഹെലികോപ്ടര്‍ അപകടത്തിലാണ് ജയന്‍ അകാലമൃത്യു വടഞ്ഞത്. ചെന്നൈക്കടുത്തുള്ള ഷോളവാരത്ത് കോളിളക്കം എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സിനിമാലോകത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. സംവിധായകന്‍ ഈ രംഗത്തിന്റെ ആദ്യ ഷൂട്ടില്‍ സംതൃപ്തനായിരുന്നു. എന്നാല്‍ തന്റെ പ്രകടനത്തില്‍ അസംതൃപ്ത നായിരുന്ന ജയനായിരുന്നു മറ്റൊരു ഷോട്ട് എടുക്കാന്‍ സംവിധാ യകനെ നിര്‍ബന്ധിച്ചത്. ആ റീടേക്ക് ദുരന്തമായി, ജയന്‍ എന്ന അതുല്യനടന്റെ അവസാന ടേക്കായി.

Related posts