കൂത്തുപറമ്പ്(കണ്ണൂർ): വെള്ളം കുടിക്കാനും മറ്റും ഉപയോഗിക്കുന്ന സാദാ കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കാൻ ശ്രമിച്ചാൽ എന്താവും സംഭവിക്കുക? ഗ്ലാസ് പൊട്ടുകയും കൈ മുറിയുകയും ചെയ്യുമെന്നൊക്കെ ഉത്തരം നല്കുന്നവരോട് ചിരിച്ചു കൊണ്ട് ജയൻ പറയും.
ഒറ്റ ഇരുപ്പിന് താൻ ഗ്ലാസ് കൊണ്ട് നൂറിലേറെ തേങ്ങ ഉടയ്ക്കുമെന്ന്. ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ജോലിക്കാരനും പാചകക്കാരനും കൂടിയായ വാഴമലയിലെ ജയനാണ് തന്റെ വിസ്മയ പ്രകടനത്തിലൂടെ ഇപ്പോൾ നാട്ടിലെ താരം.
തേങ്ങ ഉടയ്ക്കാൻ കൊടുവാൾ കിട്ടാതെ വന്നപ്പോൾ പരീക്ഷണാർത്ഥം ചെയ്തു നോക്കിയതാണ് ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കൽ. ആദ്യശ്രമം തന്നെ വിജയിച്ചതോടെ പിന്നെ തേങ്ങ ഉടയ്ക്കാൻ ജയൻ കൊടുവാൾ അന്വേഷിച്ചതേയില്ല. ഈ പ്രവൃത്തി കണ്ടു നിന്ന ചിലർ ഇത് അനുകരിക്കാൻ ശ്രമിച്ചു നോക്കിയെങ്കിലും ഗ്ലാസ് പൊട്ടി കൈ മുറിഞ്ഞതായിരുന്നു അനുഭവം.
ചിലർ ജയനോട് പന്തയം വെച്ചു. പന്തയം വെച്ചയാൾ കൊടുവാൾകൊണ്ടും ജയൻ കുപ്പി ഗ്ലാസ് കൊണ്ടും തേങ്ങ ഉടയ്ക്കാൻ തുടങ്ങി. ഏറ്റവും കൂടുതൽ തേങ്ങ ഉടച്ച് ജയൻ തന്നെ വിജയിയായി. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ഭക്ഷണം തയാറാക്കാൻ ആവശ്യമായ തേങ്ങകൾ ഉടയ്ക്കാൻ ഇദ്ദേഹം കൊടുവാൾ ആവശ്യപ്പെടാറേയില്ല.ഗ്ലാസ് തന്നെയാണ് ആയുധം. തന്റെ ഈയൊരു പ്രകടനം പൊതുവേദികളിൽ അവതരിപ്പിക്കണമെന്ന ചെറിയൊരു ആഗ്രഹവുമുണ്ട് ജയന്റെ മനസിൽ.