താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ട് മാത്രം സിനിമ പരാജയപ്പെടുന്നുവെന്ന നിര്‍മാതാക്കളുടെ സംഘടനയുടെ വാദം സത്യമല്ലെന്ന് നടന് ജയന് ചേര്‍ത്തല. ഓരോ സിനിമ തുടങ്ങുന്നതിന് മുമ്പും പ്രതിഫലം ഉറപ്പിച്ചിട്ടാണ് നിര്‍മാതാക്കള്‍ സിനിമ എടുക്കുന്നത്. എല്ലാ സിനിമയും വിജയിക്കണമെന്ന് നിര്‍ബന്ധം പിടിക്കാനാകില്ല. അമ്മയുടെ അംഗങ്ങള്‍ പണിക്കാരെ പോലെ ഒതുങ്ങി നില്‍ക്കണം എന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് നിലപാട്. ഇത് അംഗീകരിക്കാന്‍ കഴിയില്ല.
താരങ്ങള്‍ പ്രതിഫലം കൂട്ടുന്നത് കൊണ്ടാണ് സിനിമ പരാജയപ്പെടുന്നതെന്ന സുരേഷ്കുമാറിന്റെ വാദം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. നടന്മാര് ആരും സിനിമ നിര്‍മിക്കാന്‍ പാടില്ലെന്ന് പറയുന്നത് വൃത്തികെട്ട ഇടപാടാണ്. അമ്മ നിര്‍മിക്കുന്ന സിനിമയില്‍ മാത്രമേ അമ്മയുടെ അംഗങ്ങള്‍ അഭിനയിക്കൂ എന്ന് തീരുമാനിച്ചാല്‍ നിര്‍മാതാക്കള്‍ എന്ത് ചെയ്യും.
താരങ്ങളെ വച്ച് ഷോ നടത്തി ഗുണഭോക്താക്കള്‍ ആയവരാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. അമ്മ കടമായി നല്കിയ ഒരുകോടി രൂപയില്‍ ഇനി നാല്പതു ലക്ഷം രൂപ നിര്‍മാതാക്കളുടെ സംഘടന തരാനുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നഷ്ടം തീര്‍ക്കാനായി അമ്മയിലെ താരങ്ങള്‍ ഷോയ്ക്ക് തയാറാണ്. അമ്മ നാഥനില്ലാക്കളരിയാണെന്ന പ്രസ്താവന വിവരക്കേടാണ്. സുരേഷ് കുമാര്‍ പുറത്തുവിട്ട കണക്ക് തെറ്റാണ്. വെള്ളിയാഴ്ച റിലീസ് ആകുന്ന സിനിമയെ കുറിച്ച് ഞായറാഴ്ച കണക്ക് പറഞ്ഞാല്‍ എങ്ങനെ ശരിയാകും. സിനിമ കൂട്ടായ്മയാണെന്നും അദ്ദേഹം പറഞ്ഞു.