കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടം മണ്ഡലത്തിൽ പി. ജയരാജ സ്തുതിയുമായി അണികൾ.
ഞങ്ങടെ ഉറപ്പാണ് പി.ജെ എന്നാണ് ബോർഡിൽ എഴുതിയിരിക്കുന്നത്. പോരാളികൾ എന്നപേരിൽ സ്ഥാപിച്ച ബോർഡിൽ പോരാളികൾ എന്നെഴുതിയതിനു താഴെയായി ഒരു വാളിന്റെ ചിത്രവുമുണ്ട്.
ബോർഡിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട മറ്റ് മുദ്രാവാക്യങ്ങളോ പാർട്ടി ചിഹ്നങ്ങളോ ഒന്നും തന്നെയില്ല.
ധർമടം നിയോജക മണ്ഡലത്തിൽ പെടുന്ന സിപിഎം ശക്തി കേന്ദ്രമായ ആർവി മെട്ടയിലെ റോഡരികിലാണ് കൂറ്റൻ ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ചുവപ്പ് പശ്ചാത്തലത്തിൽ പി. ജയരാജന്റെ രണ്ട് ഫോട്ടോകളോടു കൂടിയതാണ് ബോർഡ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ പി. ജയരാജന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് പി.ജെ. ആർമി എന്ന നവമാധ്യമ കൂട്ടായ്മയിൽ നേതൃത്വത്തെ വിമർശിച്ചുള്ള പോസ്റ്റുകൾ വ്യാപകമായിരുന്നു.
പാർട്ടി നേതൃത്വത്തെ വിമർശിച്ചുള്ള പി.ജെ. ആർമിക്കെതിരേ ഒടുവിൽ പി. ജയരാജൻ തന്നെ രംഗത്തെത്തുതയും പി.ജെ. ആർമിയുമായി തനിക്കോ പാർട്ടിക്കോ ഒരു ബന്ധവുമില്ലെന്ന് പറയുകയും ചെയ്തിരുന്നു.
ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ധീരജ് കുമാർ രാജി വച്ചിരുന്നു.