കുര്യൻ കുമരകം
കുമരകം: മത്സ്യകൃഷിയിൽ ഇനി ജയന്തിരോഹു താരമാകും. ജയന്തിരോഹുവിന്റെ ആദ്യ വിളവെടുപ്പ് കുമരകത്ത് നടത്തിയപ്പോൾ ഏറ്റവുമധികം ലാഭം ലഭിക്കുന്ന ഇനം മത്സ്യമാണിതെന്ന് വ്യക്തമായി. കുമരകം കൃഷി വിജ്ഞാന കേന്ദ്രത്തിൽനിന്നു നൽകിയ 900 ജയന്തി രോഹുകഞ്ഞുങ്ങൾ കേവലം എട്ടു മാസം കൊണ്ട് 800 ഗ്രാമിലധികം തൂക്കമെത്തി.
ഇന്നലെ കുമരകം ബോട്ടുജെട്ടിക്കു സമീപത്തെ കൃഷി വിജ്ഞാന കേന്ദ്രം കോട്ടയം കേരള സർവകലാശാല മുൻനിര പ്രദർശന തോട്ടത്തിൽ നടന്ന മത്സ്യ വിളവെടുപ്പിൽ പ്രവീണ്‍ എന്ന കർഷകന് ലഭിച്ചത് അപ്രതീക്ഷിത വിളവായിരുന്നു.
പ്രവീണ്‍ 10 ഏക്കറിൽ മറ്റു മത്സ്യക്കുഞ്ഞുങ്ങൾക്കൊപ്പം 300 ജയന്തി രോഹുകുഞ്ഞുങ്ങളെയാണ് കൃഷി ചെയ്തത് . മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് കുടുതൽ തൂക്കം ജയന്തിരോഹുവിനായിരുന്നു. കുമരകത്തും പാലായിലുമായി വളർത്തുന്ന 600 മത്സ്യങ്ങളും നല്ല വളർച്ച കൈവരിച്ചു കഴിഞ്ഞു. കേവലം അഞ്ചു രൂപയാണ് ഒരു മത്സ്യക്കുഞ്ഞിന്റെ വില .
ഇന്ത്യയിലെ ശുദ്ധജല മത്സ്യകൃഷിയിൽ കർഷകർ ഏറെ ഉപയോഗിച്ചു വരുന്നത് ഇന്ത്യൻ മേജർ കാർപ്പ് ഇനങ്ങളായ കട്ല, രോഹു, മൃഗാൾ തുടങ്ങിയവയാണ്. കൂടാതെ വിദേശ കാർപ്പുകളായ ഗ്രാസ് കാർപ്പ്, കോമണ്‍ കാർപ്പ്, സിൽവർ കാർപ്പ് തുടങ്ങിയവയും വ്യാപകമായി ഉപയോഗിച്ചു വരുന്നുണ്ട്. ഇവയിൽ രോഹുവിനാണ് കൂടുതൽ ഡിമാൻഡ്.
ഐസിഎആർസിഐഎഫ്എയും നോർവേയിലെ ജലകൃഷി ഗവേഷണ സ്ഥാപനവും സംയുക്തമായി ഇന്ത്യയിൽ ആദ്യമായി സെലക്ടീവ് ബ്രീഡിംഗ് ജനിതക സാങ്കേതിക മാർഗത്തിലൂടെ വികസിപ്പിച്ചെടുത്ത പുതിയ മത്സ്യ ഇനമാണ് ജയന്തി രോഹു. ഇന്ത്യയുടെ 50 -ാമത് സ്വാതന്ത്ര്യ ദിനത്തിൽ ഇതിന്റെ പ്രഖ്യാപനം നടത്തിയതിനാലാണ് ഇതിന് ജയന്തിരോഹു എന്ന് നാമകരണം ചെയ്തത്. ഭൂവനേശ്വറിലാണ് മത്സ്യവിത്തുത്പാദനം.
അദ്യത്തെ രണ്ടു മാസം തീറ്റയായി ഫിഷ് പെല്ലറ്റും തുടർന്ന് കടലപ്പിണ്ണാക്കും തവിടും സമാസമം വെള്ളം ചേർത്ത് ഉരുളകളാക്കിയതും കൊടുത്താൽ മതിയാകും അതുകൊണ്ടുതന്നെ ജയന്തിരോഹുകൃഷിക്ക് ചെലവു കുറയുമെന്ന് കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓഡിനേറ്റർ ജി. ജയലക്ഷ്മി അഭിപ്രായപ്പെട്ടു..