കൊല്ലം: മുന്നറിയിപ്പ് ഇല്ലാതെയും അകാരണമായും മുംബൈ -കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ നിർത്തിയിട്ടത് യാത്രക്കാരുടെ വൻ പ്രതിഷേധത്തിന് കാരണമായി. ഈ ട്രെയിൻ ഇന്ന് രാവിലെ 6.30 ന് കായംകുളത്ത് കൃത്യസമയത്ത് എത്തി. അതിനു ശേഷം കരുനാഗപ്പള്ളിയിൽ വന്നപ്പോൾ ഒരു മണിക്കൂറിൽ അധികം നിർത്തിയിട്ടു. തുടർന്ന് കോട്ടയം – കൊല്ലം പാസഞ്ചർ അടക്കം രണ്ട് ട്രെയിനുകൾ കടത്തി വിട്ട ശേഷമാണ് ജയന്തി കരുനാഗപ്പള്ളിയിൽ നിന്ന് പുറപ്പെട്ടത്.
തുടർന്ന് പെരിനാട് എത്തിയപ്പോഴും ജയന്തി ജനത നിർത്തിയിട്ട ശേഷം ഇന്റർസിറ്റി എക്സ്പ്രസ് കടത്തി വിട്ടു. ഇതോടെയാണ് ജയന്തിയിലെ യാത്രക്കാർ പ്രതിഷേധവുമായി സ്റ്റേഷൻ മാസ്റ്ററുടെയും ലോക്കോ പൈലറ്റിന്റെ യും മുന്നിൽ എത്തിയത്. പ്രതിഷേധം വാക്കേറ്റത്തിന്റെ വക്കോളം എത്തുകയും ചെയ്തു.
എസ്എസ്എൽസി പരീക്ഷാ ഡ്യൂട്ടിക്ക് വർക്കലയിലും കടയ്ക്കാവൂരും പോകേണ്ട നിരവധി പേർ ജയന്തിയിലെ യാത്രക്കാരായിരുന്നു. ഇവർ ഇക്കാര്യം അധികൃതരോട് പറയുകയും ചെയ്തു. ഒടുവിൽ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികൾ അടക്കമുള്ളവർ ഉന്നത റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തിൽ ജയന്തിയിലെ യാത്രക്കാർക്ക് പോകാനായി പുറകേ വന്ന എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് പെരിനാട് സ്റ്റേഷനിൽ ഒരു മിനിട്ട് നിർത്തിക്കൊടുത്തു. എന്നിട്ടു പോലും അധ്യാപകരിൽ പലർക്കും പരീക്ഷാ ഡ്യൂട്ടിക്ക് കൃത്യസമയത്ത് എത്താൻ കഴിഞ്ഞില്ല.
റെയിൽവേയുടെ തിരുവനന്തപുരം കൺട്രോൾ റൂമിലെ ചില ഉദ്യോഗസ്ഥരാണ് യാത്രക്കാരെ വലയ്ക്കുന്ന ഇത്തരം നടപടികൾക്ക് പിന്നിലെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് ആരോപിച്ചു.