ആലുവ: അറിയപ്പെടുന്ന ഗുണ്ട നേതാവ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഗുണ്ടാസംഘങ്ങളെ കേന്ദ്രീകരിച്ച്. കൊലപാതകമടക്കം നിരവധി ഗുണ്ടാകേസുകളിൽ ഉൾപ്പെട്ടിരുന്ന കുറുമശേരി ജയപ്രകാശി (54) നെ വീടിനുള്ളിൽ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേർ ചെങ്ങമനാട് പോലീസിന്റെ കസ്റ്റഡിയിലുണ്ട്.വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവമെന്നു കരുതുന്നു. ആളനക്കമില്ലാത്ത വീട്ടിലെ വാതിൽ തുറന്നു കിടക്കുന്നത് കണ്ട സമീപവാസികളുടെ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.
തലയുടെ പിൻഭാഗം പിളർന്ന് രക്തംവാർന്നൊഴുകി കട്ടലിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തലയിൽ കമ്പി കൊണ്ട് ശക്തമായ അടിയേറ്റ ലക്ഷണമുണ്ടായിരുന്നു.അവിവാഹിതനായ ജയപ്രകാശ് താമസിച്ചിരുന്ന വീട്ടിൽ മദ്യപാനം പതിവായിരുന്നു.
പലപ്പോഴും ബഹളം കേട്ടിരുന്നതായി സമീപവാസികൾ പറയുന്നു. ഇത്തരത്തിൽ കഴിഞ്ഞ ദിവസം മദ്യപിക്കാനെത്തിയ സംഘത്തിലെ വിജേഷ്, സൗമേഷ്, അനിൽ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. മറ്റു സംഘങ്ങളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
യുവാവിനെ കുത്തിക്കൊന്ന കേസിൽ ജയപ്രകാശ് മൂന്ന് വർഷം മുംബൈയിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മലപ്പുറത്ത് ഡിവൈഎസ്പിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ, പാറക്കടവിലെ ഇഷ്ടിക വ്യാപാരിയെ കാത്തി കാട്ടി പണം തട്ടിയെടുക്കലടക്കം നാട്ടിൽ നിരവധി കേസുകളിൽപ്പെട്ടിട്ടുണ്ട്.
പോലീസ് സംഭവം നടന്ന വീടിനു കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്. ഇന്ന് ഇൻക്വസ്റ്റ് തയാറാക്കും. വിരലടയാള വിദഗ്ധരെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുമെന്ന് ചെയ്യുമെന്ന് സിഐ ടി.കെ. ജോസി രാഷ്ട്രദീപികയോട് പറഞ്ഞു.