മട്ടന്നൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകൻ ആശിഷ് പി. രാജിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സസ്പെൻഡ് ചെയ്ത എഎസ്ഐയുടെ സസ്പെൻഷൻ ജില്ലാ പോലീസ് മേധാവി പിൻവലിച്ചു.
എന്നാൽ മട്ടന്നൂർ സ്റ്റേഷനിൽനിന്ന് മാലൂർ സ്റ്റേഷനിലേക്ക് ഇയാളെ സ്ഥലം മാറ്റി. യുഡിഎഫ് അനുകൂല അസോസിയേഷന്റെ നേതാവ് കൂടിയായ മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എഎസ്ഐ കെ.എം.മനോജ് കുമാറിന്റെ സസ്പെൻഷനാണ് പിൻവലിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചതെന്നാണ് സൂചന.
ഈ മാസം 18നാണ് ജില്ലാ പോലീസ് മേധാവി മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സസ്പെൻഷൻ പിൻവലിച്ചതിന് പിന്നാലെ മനോജിനെ മാലൂർ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. വിദ്യാർഥികൾക്ക് വേണ്ടി ശുചിമുറി സേവനം തേടി ആശിഷ് പി.രാജ് മട്ടന്നൂര് സ്റ്റേഷനിലെത്തിയപ്പോൾ മനോജ് കൈയേറ്റം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു ആരോപണം.
ഇക്കഴിഞ്ഞ 10 നു രാവിലെ എട്ടിനായിരുന്നു സംഭവം. സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്ഐ മനോജ് കുമാർ കൈകാര്യം ചെയാൻ ശ്രമിച്ചുവെന്നു കാണിച്ച് ആശിഷ് പി.രാജ് മട്ടന്നൂർ ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സിഐ എ.വി.ജോൺ അന്വേഷണം നടത്തി ഇരിട്ടി ഡി വൈ എസ് പി പ്രജീഷ് തോട്ടത്തിൽ മുഖേന ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് മനോജിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നത്.
സ്റ്റേഷനിലെത്തിയ ആശിഷ് രാജിന്റെ ഷർട്ടിന്റെ കോളർ മനോജ് കുമാർ പിടിച്ചു വലിക്കുന്ന സി സി ടി വി ദൃശ്യം സോഷ്യൽ മീഡിയകളിൽ പ്രചരിച്ചിരുന്നു. കണ്ണൂരിലെ ഒരു സ്കൂളിൽ നിന്നും എട്ട് വിദ്യാർഥിനികളും ഒരു അധ്യാപികയും അടക്കം 11 പേർ ഭോപ്പാലിൽ പോയി കലാ ഉൽസവ് പരിപാടി സംഘടിപ്പിച്ച് മടങ്ങിവരുന്നതിനിടെയായിരുന്നു സംഭവം.
ബംഗ്ലൂരിൽ നിന്നും ടൂറിസ്റ്റ് ബസിൽ മട്ടന്നൂരിലെത്തിയ സംഘം സ്റ്റേഷന് മുന്നിൽ ഇറങ്ങുകയായിരുന്നു. രണ്ട് വിദ്യാർഥിനികൾക്കും അധ്യാപികയ്ക്കും ടോയ് ലറ്റിൽ പോകേണ്ടതിനാൽ ആശിഷ് പി.രാജ് സ്റ്റേഷനിലെത്തി എഎസ്ഐ മനോജിനോട് ടോയ് ലറ്റിൽ പോകാൻ സൗകര്യമൊരുക്കി തരണമെന്നു പറയുകയായിരുന്നു.
ഇത് കേട്ട എ എസ് ഐ ബസ് സ്റ്റാൻഡിൽ പൊതുജനങ്ങൾക്കായുള്ള കംഫർട്ട് സ്റ്റേഷൻ ഉണ്ടെന്നും അവിടേക്ക് പോകാൻ പറയുകയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയാൻ ശ്രമിച്ചുവെന്നു കാണിച്ചു ആശിഷ് രാജും അപമര്യാദയായി പെരുമാറിയെന്ന് കാണിച്ചു മനോജ് കുമാറും ഇൻസ്പെക്ടർക്ക് പരാതി നൽകിയിരുന്നു.