കൊട്ടാരക്കര: വിദ്യാർഥികളുടെ സർഗാത്മകത വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് മുഖ്യപങ്കുണ്ടെന്ന് കലാകാരൻ ജയരാജ് വാര്യർ. നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികാഘോഷവും അധ്യാപക രക്ഷകർത്തൃസംഗമവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സിനിമാതാരം ജയരാജ് വാര്യർ.
ഭാഷയേയും സംസ്ക്കാരത്തേയും കുട്ടികൾ സ്നേഹിക്കണം. നമ്മുടെ ഭാഷയും സംസ്ക്കാരവും സംസ്ക്കാരവും വളർത്തുന്നതിന് പുതിയ തലമുറക്ക് ഏറെ പങ്കുണ്ട്. വിദ്യാർഥികളാകണം ഭാഷയും സംസ്കാരവും വളർത്തുന്നതിന് മുന്നിൽ നിൽക്കുന്നവർ. കുട്ടികളുടെ പഠനത്തോടൊപ്പം കഴിവുകൾ തിരിച്ചറിഞ്ഞ് പ്രോൽസാഹിപ്പിക്കാൻ രക്ഷിതാക്കൾ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തിൽ പിടിഎ പ്രസിഡന്റ് ഗോപകുമാർ.വി അധ്യക്ഷത വഹിച്ചു. നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ശ്രീകല പുരസ്കാര വിതരണം നടത്തി .കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ. കെ. അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.
ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഭാവന എം.ബി , സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ, ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ, സ്കൂൾ മാനേജർ കെ സുരേഷ് കുമാർ, അദ്ധ്യാപകരായ കിരൺ പി പണിക്കർ , ഷിനു വി രാജ്, സനൽ കുമാർ വി പി ,പി ടി എ വൈസ് പ്രസിഡന്റ് രാജി ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളേയും, സംസ്ഥാന സ്കൂൾ കായിക മേളയിൽ സമ്മാനാർഹരായവരേയും പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു . തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു.