കോട്ടയം: വൈകല്യങ്ങൾ തോൽപ്പിക്കാത്ത മനസുമായി കഴിഞ്ഞ 10 വർഷമായി ജയരാജൻ കോട്ടയത്തെ നഗരപാതകളിലുണ്ട്.
വയസ് 65. ജന്മനാ കാലുകൾ തളർന്നതിനാൽ നിവർന്നു നിൽക്കാനോ നടക്കാനോ സാധിക്കില്ല. തമിഴനാട് തേനി സ്വദേശിയായ ജയരാജൻ മുണ്ടക്കയത്താണു കുടുംബസമേതം താമസം.
ഉച്ചയ്ക്കു കോട്ടയത്തെ ലോട്ടറി ഏജസിയിലെത്തും. ദിവസം 1,500 മുതൽ 2,000 വരെ രൂപയ്ക്ക് ലോട്ടറി വിൽക്കും.
കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്തും ഗാന്ധി സ്ക്വയറിനും സമീപത്തും പാന്പാടി ബസ് സ്റ്റാൻഡ് പരിസരത്തുമാണു വിൽപന.
രാത്രി എട്ടിനു ബസിൽ വീട്ടിലേക്കു മടങ്ങും. ലോട്ടറി കച്ചവടക്കാരനാകുന്നതിനു മുന്പ് സൈക്കിൾ റിപ്പയറിംഗായിരുന്നു തൊഴിൽ.
സർക്കാരിന്റെ വികലാംഗ പെൻഷൻ കിട്ടുന്നുണ്ടെങ്കിലും അധ്വാനിച്ച് ജീവിക്കുന്നതാണ് ജയരാജന് സന്തോഷം.
പ്രത്യേകം തയാറാക്കിയ ചെരുപ്പുകൾ ഒരു കൈയിലണിയും. മറുകൈയിൽ ലോട്ടറി ടിക്കറ്റും പിടിച്ചാണു തെരുവുകൾ തോറും നിരങ്ങി നീങ്ങുന്ന യാത്ര.
കാഴ്ചക്കാർക്ക് സഹതാപം തോന്നുമെങ്കിലും ജന്മനാ ഉള്ള വൈകല്യങ്ങളെ ഓർത്ത് തളർന്നിരിക്കാൻ തയാറല്ല ഇദ്ദേഹം.
ഭാര്യ അളകത്തായിയും മക്കൾ ശെൽവരാജും നാഗരാജുവും അടങ്ങുന്നതാണു കുടുംബം.
വൈകല്യങ്ങൾ തളർത്താത്ത മനോവീരത്തോടെ ചുട്ടുപൊള്ളുന്ന വെയിലത്തും നഗരപാതകളിൽ സജീവമാണ് ജയരാജൻ.