കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ കൊലക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെ പിന്തുണച്ച് മന്ത്രി ഇ.പി.ജയരാജൻ. ഒരു കേസ് വരുമ്പോഴേക്കും ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പി.ജയരാജൻ മാറേണ്ട കാര്യമില്ല. രാഷ്ട്രീയ എതിരാളികൾ പറയുന്നത് കേട്ട് പ്രവർത്തിക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും മന്ത്രി.
സിബിഐ നടപടി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും യോജിച്ച രാഷ്ട്രീയനീക്കത്തിന്റെ ഭാഗമാണെന്നാണ് സിപിഎം പറഞ്ഞിരുന്നത്. എന്നാൽ ജയരാജനെ പ്രതി ചേര്‍ത്തത് രാഷ്ട്രീയമായി കാണേണ്ടതില്ല. നിയമത്തെ അതിന്റെ വഴിക്ക് പോകാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നാണ് ഭരണപരിഷ്കരണ കമ്മീഷൻ ചെയര്മാൻ വി.എസ്. അച്യുതാനന്ദന്റെ നിലപാട്.
ഷുക്കൂർ വധിക്കപ്പെട്ട കേസിൽ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്, ടി.വി. രാജേഷ് എംഎല്‍എ എന്നിവര്‍ക്കെതിരേ കൊലക്കുറ്റവും ക്രിമിനല്‍ ഗൂഢാലോചനയും ചുമത്തിയാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്.