സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജൻ കണ്ണൂരിൽ വീണ്ടും കരുത്തനാകുന്നു. സിപിഎം കേന്ദ്ര-സംസ്ഥാന നേതാക്കൾ മൗനം പാലിച്ചെടുത്ത് പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.ജയരാജൻ എടുത്ത നിലപാടുകളെ സപ്പോർട്ട് ചെയ്തു സോഷ്യൽ മീഡിയയിൽ സിപിഎം പ്രവർത്തകരുടെ സജീവ ചർച്ചയായിരിക്കുകയാണ്. പിജെ എന്ന ചുരുക്കപേരിൽ കണ്ണൂർ ജില്ലയിൽ പി. ജയരാജന്റെ പേരിൽ വീണ്ടും ഫാൻസ് അസോസിയേഷനുകൾ ശക്തമായിരിക്കുകയാണ്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആന്തൂർ നഗരസഭയ്ക്കും ചെയർപേഴ്സൺ പി.കെ. ശ്യാമളയ്ക്കുമെതിരേ ശക്തമായ വിമർശനമാണ് പി. ജയരാജൻ ഉന്നയിച്ചത്. ധർമശാലയിൽ സംഘടിപ്പിച്ച വിശദീകരണ യോഗത്തിലും സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലും ശ്യാമളക്കെതിരേ പി. ജയരാജൻ വിമർശനമുന്നയിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, ഇ.പി. ജയരാജൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കമുള്ള ജില്ലയിലെ സിപിഎം നേതാക്കൾ ശ്യാമളക്കെതിരേ വിമർശനമുന്നയിക്കാത്ത സാഹചര്യത്തിലാണ് പി. ജയരാജൻ വിമർശനമുന്നയിച്ചത്. ആത്മഹത്യചെയ്ത സാജന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ പി. ജയരാജൻ പോകുകയും ചെയ്തു.
വടകരയിലെ തോൽവിക്കു ശേഷം പി. ജയരാജൻ വീണ്ടും പാർട്ടിയിൽ കൂടുതൽ സജീവമായി രംഗത്തെത്തിയിരിക്കുകയാണ്. പാർട്ടിയുടെ പല പരിപാടികളിലും പി. ജയരാജനെ പ്രത്യേകം ക്ഷണിക്കുന്നുമുണ്ട്. അണികൾക്കിടയിൽ പി. ജയരാജനുള്ള സ്വീകാര്യതയും വർധിച്ചിരിക്കുകയാണ്.
ഇതിനിടയിൽ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി. ജയരാജനെപ്പോലുള്ള ബിംബങ്ങളെ ഉപയോഗിച്ച് സിപിഎമ്മിനെ വേട്ടയാടാനാണ് ചിലർ ശ്രമിക്കുന്നതെന്നും അങ്ങനെയൊന്നും പാർട്ടിയെ തകർക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. ഉന്നത നേതാവായ എം.വി. ഗോവിന്ദനെ അപകീർത്തിപ്പെടുത്താനാണ് ശ്രമം. സിപിഎമ്മുകാരായതിന്റെ പേരിൽ ക്രൂശിക്കാമെന്ന് കരുതേണ്ടെന്നും ശ്യാമളയുടെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി മറുപടി നൽകിയിരുന്നു.
ഇതിനിടയിലാണ് ഇന്നലെ രാത്രി പത്തോടെ തനിക്കുവേണ്ടി രൂപീകരിച്ച പിജെ എന്ന ചുരുക്കപ്പേരുള്ള പാർട്ടി സമൂഹമാധ്യമത്തിൽ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പി. ജയരാജന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്. പി. ജയരാജനെ ലക്ഷ്യംവച്ചാണ് പിണറായി വിജയൻ അഭിപ്രായപ്രകടനം നടത്തിയതിന്റെ പ്രതികരണമെന്ന നിലയിലാണ് ജയരാജന്റെ ഈ ആവശ്യമെന്നതെന്നാണ് സൂചന.
സാമൂഹ്യ മാധ്യമങ്ങളില്‍ തുറന്ന സംവാദം അഭികാമ്യമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഫെയ്സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. എന്നാല്‍ ഈ സംവാദങ്ങള്‍ നടത്തുന്ന ചില ഗ്രൂപ്പുകളുടെ പേരുകളില്‍ “പിജെ” എന്നത് ചേര്‍ത്ത് കാണുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പു ഘട്ടത്തില്‍ സ്ഥാനാര്‍ഥിക്ക് പിന്തുണയുമായി പല സഖാക്കളും സുഹൃത്തുക്കളും സാമൂഹ്യ മാധ്യമങ്ങളിൽ ഇടപെട്ടിരുന്നു.
അത് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഇടതുപക്ഷത്തെ സഹായിച്ചു.എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മേല്പറഞ്ഞ പേരുകളിലുള്ള ഗ്രൂപ്പുകള്‍ സിപിഎമ്മിന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നതായി മനസിലാക്കുന്നു. ഇത് ആശാസ്യമല്ല.അതിനാല്‍ “പിജെ” എന്നത് എന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്നും പോസ്റ്റിൽ പറയുന്നു.