പരിയാരം: ആർസിസി മാതൃകയിലാണ് പരിയാരം മെഡിക്കൽ കോളേജ് ഏറ്റെടുത്തിരിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജൻ. കൂത്തുപറമ്പിലെ അഞ്ച് രക്തസാക്ഷികളുടെ ഉൾപ്പെടെ നിരവധി പേരുടെ ത്യാഗപൂർണമായ പോരാട്ടത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജ് ഏറ്റെടുത്ത എൽഡിഎഫ് സർക്കാറിന് അഭിവാദ്യമർപ്പിച്ച് മാടായി ഏരിയാ കമ്മറ്റി സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ടി.വി.രാജേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജനപക്ഷ രാഷ്ട്രീയം നടപ്പിലാക്കുന്ന എൽ ഡി എഫ് സർക്കാരിനെതിരെ ചില ഈർക്കിൽ സംഘടനകൾ ഉയർത്തി വന്ന എല്ലാ ആരോപണങ്ങളുടെയും മുനയൊടിഞ്ഞിരിക്കയാണെന്നും അദ്ദേഹം പറഞ്ഞു.
മെഡിക്കൽ കോളജ് ഏറ്റെടുക്കുന്നതിന് ഹഡ്കോയുടെ 900 കോടി രൂപ ബാധ്യത ചർച്ചയിലൂടെ 269 കോടിയായി നിശ്ചയിച്ച് 2019 മാർച്ച് 31നകം തിരിച്ചടച്ച് തീർക്കുമെന്നും ഇതാണ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ച പ്രധാന ഘടകമെന്നും, എം.വി.ജയരാജൻ പറഞ്ഞു.
ശേഖരൻ മിനിയോടൻ, എംഡി കെ.രവി, പി.പി.ദാമോദരൻ, കെ.പത്മനാഭൻ എന്നിവർ പ്രസംഗിച്ചു. നേരത്തെ ആഹ്ളാദ പ്രകടനവും നടന്നു.