കണ്ണൂര്‍: ഇ.പി. ജയരാജന്, പി. ജയരാജന്, എം.വി. ജയരാജന് എന്നീ കണ്ണൂരിലെ ജയരാജത്രയങ്ങള്‍ സിപിഎമ്മിനും പ്രത്യേകിച്ച കണ്ണൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും സ്വകാര്യ അഹങ്കാരമായിരുന്നു.
എന്നാലിപ്പോള്‍ ഈ ത്രയങ്ങളിലെ ഇ.പിയും പി.ജെയും പാര്‍ട്ടിക്കുള്ളില്‍ ഏറ്റുമുട്ടന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയതിനൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും കാര്‍മേഘം പടര്‍ത്തുകയാണ്.
എം.വി. ജയരാജനാകട്ടെ ഇതു സംബന്ധിച്ച് ഒന്നു പ്രതികരിക്കാതെ മൗനം പാലിച്ചിരിക്കുകയാണ്.
റിസോര്‍ട്ട് വിവാദമവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ ഇ.പി. ജയരാജനെതിരെ പി. ജയരാജന് പരാതി ഉന്നയിച്ചപ്പോള്‍ വിഷയം പുറത്തറിയുന്നതിന് മുന്നേതന്നെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് പത്രസമ്മേളനം നടത്തി പാര്‍ട്ടി നേതാക്കള്‍ ആരെങ്കിലും അനധകൃത സ്വത്ത് സന്പാദിച്ചിട്ടുണ്ടെങ്കില് നടപടി ഉണ്ടാകുമെന്നും ഇത്തരം കാര്യങ്ങള്‍ ബ്രാഞ്ച് തലം മുതല്‍ പാര്‍ട്ടി പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
പാര്‍ട്ടി സെക്രട്ടറി ഇത്തരമൊരഭിപ്രായം പത്രസമ്മേളനം നടത്തി പറയണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ സഹിതമായിരിക്കും പരാതി പാര്‍ട്ടിക്ക് ലഭിച്ചിട്ടുണ്ടാവുക എന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ വിശ്വസിക്കുന്നത്.
നേരത്തെ പി. ജയരാജന് ജില്ലാ സെക്രട്ടറിയായിരിക്കെ പ്രവര്‍ത്തകര്‍ക്കിടയില്‍ സംസ്ഥാന നേതാക്കളെക്കാളും സ്വാധീനമുണ്ടാക്കിയത് നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു.
പ്രവര്‍ത്തകര്‍ ജയരാജനെ സ്തുതിച്ച് കൊണ്ട് സംഗീതശില്പം ഉള്‍പ്പെടെ പുറത്തിറക്കിയിരുന്നു. പി.ജയരാജന് പാര്ട്ടിയെക്കാളും മേലെ വളരുന്ന എന്നായിരുന്നു നേതൃത്വത്തിന്റെ വിലയിരുത്തല്‍.
ഇതിനു പിന്നാലെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ജയരാജനെ മാറ്റി വടകര ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയരാജനെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ തെരഞ്ഞടുപ്പില്‍ ജയരാജന് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടി സെക്രട്ടറി സ്ഥാനം തിരിച്ചു നല്‍കിയിരുന്നില്ല. പാര്‍ട്ടിയുടെ ഈ നടപടിയില്‍ പി.ജയരാജന് അനുഭാവികള്‍ക്ക് പ്രതിഷേധമുണ്ടായിരുന്നു.