സ്വന്തം ലേഖകന്‍
കോഴിക്കോട്: തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങും മുന്‍പേ തോല്‍വി സമ്മതിച്ച മട്ടിലുള്ള കോണ്‍ഗ്രസ് സമീപനത്തില്‍ പ്രവര്‍ത്തകര്‍ക്ക് രോഷം. കോഴിക്കോട് വടകരയില്‍ മത്സരിക്കാതെ ഡിസിസി പ്രസിഡന്റ് ടി.സിദ്ദീഖ് വടകരയില്‍ നിന്നും മാറി സുരക്ഷിത മണ്ഡലം തേടിപോയതും മുതിര്‍ന്ന നേതാക്കളാരും വടകരയില്‍ മല്‍സരിക്കാന്‍ താല്പര്യം പ്രകടിപ്പിക്കാതിരുന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പലയിടത്തും സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങികഴിഞ്ഞു.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വടകരയില്‍ ടി.സിദ്ദീഖിനെ നിര്‍ത്താന്‍ ശ്രമിക്കാതെ വയനാട് മണ്ഡലത്തിനായി വാശിപിടിച്ചതും പ്രവര്‍ത്തകരില്‍ അമ്പരപ്പുളവാക്കിയിട്ടുണ്ട്. ഈ ഒരൊറ്റകാരണം കൊണ്ടുതന്നെ വടകര സുരക്ഷിത സീറ്റല്ലെന്ന ധാരണ പ്രചാരണത്തിനിറങ്ങും മുന്‍പേ പ്രവര്‍ത്തകരില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആര്‍എംപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ യുഡിഎഫിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചിട്ടും മികച്ച സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാത്തത് ഗുരുതരവീഴ്ചയായി പ്രാദേശികനേതാക്കള്‍ കാണുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ജയരാജനെതിരേ അക്രമരാഷ്ട്രീയം എന്ന വാള്‍മുന ഉപയോഗിക്കുമ്പോഴും അത് പ്രചാരണ ആയുധമാക്കിമുന്നേറാന് എന്തുകൊണ്ട് മികച്ച സ്ഥാനാര്‍ഥിയെ പാര്‍ട്ടി നേതൃത്വം നല്‍കുന്നില്ല എന്ന ചോദമാണ് ഉയരുന്നത്.
ഒന്നുകില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്, അല്ലെങ്കില്‍ കെ. മുരളീധരന് എന്ന രണ്ടുപേരുകളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്. അവസാന നിമിഷം കേന്ദ്ര ഇടപെടല്‍ ഉണ്ടായെങ്കില്‍ മാത്രമേ ഇത് നടക്കു. നിലവില്‍ കെ. പ്രവീണ്‍ കുമാര്‍, വിദ്യാബാലകൃഷ്ണന്, സതീശന് പാച്ചേനി തുടങ്ങിയവരുടെ പേരുകള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നപ്പോഴെല്ലാം കടുത്ത എതിര്‍പ്പാണ് സോഷ്യല്‍ മീഡിയയിലും പ്രവര്‍ത്തകര്‍ക്കിടയിലും ഉണ്ടായത്.
ജയരാജനെ പോലെ ഒരു സ്ഥാനാര്‍ഥിക്കെതിരേ പ്രവര്‍ത്തകരെ ഇളക്കിമറിയ്ക്കുന്ന സ്ഥാനാര്ഥിവേണമെന്നാണ് ആവശ്യം.
മുല്ലപ്പള്ളി മത്സരിക്കാനുള്ള സാധ്യത വിരളമാണ്. അതേസമയം ശക്തനായ സ്ഥാനാര്‍ഥിവേണമെന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു.
ആര്‍എംപിക്ക് നാല്പതിനായിരത്തില്പരം വോട്ടുകളുണ്ടെന്നാണ് അവകാശവാദം. പക്ഷെ അപ്പോഴും ഇവിടെ നിര്‍ണായക സ്വാധീനമുള്ള ജെഡിഎസ് മുന്നണിവിട്ടുപോയത് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്യുന്നു. ഈ ഒരു കാര്യം കൂടി പരിഗണിച്ചാണ് വടകര സുരക്ഷിതമണ്ഡലമല്ലെന്ന നിലപാടിലേക്ക് നേതൃത്വം എത്തിയത്. എന്നാല്‍ ശക്തനായ സ്ഥാനാര്‍ഥി എത്തിയാല്‍ ചിത്രം മാറി മറിയുമെന്നും നേതൃത്വം കണക്കുട്ടൂന്നു.
നിലവിലെ സാഹചര്യത്തില്‍ ഇടതുമുന്നണിസ്ഥാനാര്ഥികള് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ . വടകര അടക്കമുള്ള നാലു സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനോട് ദില്ലിയില്‍ തങ്ങാന്‍ ഹൈക്കമാന്റ് നിര്‍ദേശിച്ചിട്ടുണ്ട്. വടകരയില്‍ ശക്തനായ സ്ഥാനാര്‍ഥി വേണമെന്ന സമ്മര്‍ദ്ദം ഹൈക്കമാന്റിന് മേല്‍ സജീവമാകുന്നതിനും വയനാട് സ്ഥാനാര്‍ഥി നിര്‍ണയം ഹൈക്കമാന്റിന് വിട്ട സാഹചര്യത്തിലും ആണിത്. അതേസമയം ദുര്‍ബലരായ സ്ഥാനാര്‍ഥികളെ നിര്‍ത്തരുതെന്ന് ആര്‍എംപി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ശക്തരെ കണ്ടെത്താനായില്ലെങ്കില്‍ പൊതു സ്വതന്ത്രരെ പരിഗണിക്കണമെന്നും ആര്‍എംപി ആവശ്യപ്പെട്ടു.