ഇതില്‍ക്കൂടുതല്‍ നാണക്കേടുണ്ടോ? പാര്‍വതിയ്ക്ക് സര്‍പ്രൈസ് കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം, പക്ഷേ ചമ്മിയത് ഞാനും; ഹണിമൂണ്‍ ട്രിപ്പിനിടയിലെ രസകരമായ സംഭവത്തെക്കുറിച്ച് നടന്‍ ജയറാം

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. സിനിമയില്‍ മികച്ച കെമിസ്ട്രി പങ്കുവെച്ച ഇരുവരും ജീവിതത്തിലും അത് തുടരാന്‍ തീരുമാനിച്ചപ്പോള്‍ ആരാധകരും ഏറെ സന്തോഷിച്ചു. വളരെ സാഹസപ്പെട്ടാണ് പ്രണയിച്ചിരുന്നപ്പോള്‍ ഇവര്‍ കണ്ടുമുട്ടിയിരുന്നത്. കമിതാക്കളായിരുന്ന സമയത്ത് പാര്‍വതിയെ കാണുന്നതിനും സംസാരിക്കുന്നതിനുമായി ബുദ്ധിമുട്ടിയിരുന്ന കാര്യമൊക്കെ അഭിമുഖങ്ങളിലൂടെ പലപ്പോഴും ജയറാമും പാര്‍വതിയും ഒപ്പം സിനിമയിലെ ഇരുവരുടെയും സുഹൃത്തുക്കളുമൊക്കെ വെളിപ്പെടുത്തിയിട്ടുണ്ട്. വിലക്കുകളെ അവഗണിച്ച് പാര്‍വതിയെ ജീവിത സഖിയാക്കിയപ്പോള്‍ ലോകം മുഴുവന്‍ ഒറ്റയ്ക്ക് പടവെട്ടി നേടിയ സന്തോഷമായിരുന്നു. പാര്‍വതിയെ വിളിക്കാനും അടുത്തു കിട്ടാനും ഇനി ഒരു തടസ്സവുമില്ലല്ലോയെന്ന ആശ്വാസവും. പ്രണയിച്ചിരുന്നപ്പോള്‍ ഉണ്ടായിരുന്ന വിലക്കുകളെയെല്ലാം ധൈര്യപൂര്‍വ്വം നേരിട്ട ജയറാം വിവാഹത്തിനു ശേഷമുണ്ടായ രസകരമായ ഒരു അനുഭവം അടുത്തിടെ വിവരിച്ചിരുന്നു. ഹണിമൂണ്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം.

പാര്‍വതിയെ അത്ഭുതപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു ജയറാം ആ കുസൃതി ഒപ്പിച്ചത്. എന്നാല്‍ ആ പണി കാരണം താന്‍ തന്നെ നാണം കെടുമെന്ന് താരം കരുതിയിരുന്നില്ല. ജയറാം കുളിക്കാന്‍ പോകുന്നത് വരെ റൂമില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കുളിക്കാന്‍ പോയ ജയറാമാവട്ടെ പാര്‍വതിയെ അത്ഭുതപ്പെടുത്താനുള്ള പണി മനസ്സില്‍ പ്ലാന്‍ ചെയ്യുകയായിരുന്നു. പാര്‍വതിയെ അത്ഭുതപ്പടുത്താനായി മുണ്ട് മാത്രം ഉടുത്ത് ഒച്ച വെച്ചായിരുന്നു ജയറാം ഇറങ്ങിയത്. എന്നാല്‍ ഇറങ്ങിയ അതേ വേഗതയില്‍ത്തന്നെ താരം അകത്തേക്ക് ഓടുകയും ചെയ്തു.

കാരണമിതാണ്. ഓണത്തിന്റെ സമയമായിരുന്നു അത്. ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുന്നതിനായി താരദമ്പതികളെ ക്ഷണിക്കാനായി മലയാളി അസോസിയേഷന്റെ പ്രതിനിധികളുടെ ഒരു പട തന്നെ എത്തിയിരുന്നു, അവരുടെ താമസസ്ഥലത്ത്. കുളിക്കുകയായിരുന്നതിനാല്‍ അവര്‍ വന്നത് ജയറാമൊട്ടറിഞ്ഞതുമില്ല. പാര്‍വതിയെ ഭയപ്പെടുത്താനായി ഒച്ചയിട്ട് ചെന്നതാകട്ടെ, അവരുടെ മുമ്പിലും. ഇതില്‍ക്കൂടുതല്‍ ചമ്മലുണ്ടോ..ജയറാം ചോദിക്കുന്നു.

 

Related posts