തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ പതിമൂന്ന് പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടികര്‍ഷകരെ സന്ദര്‍ശിച്ച് നടന് ജയറാം. കര്‍ഷരായ മാത്യുവിനെയും ജോര്‍ജിനും ജയറാം അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താനും ഇതുപോലൊരു അവസ്ഥയിലൂടെ കടന്നുപോയിരുന്നു എന്ന് ജയറാം പറഞ്ഞു. ‘എന്റെ ഫാമിലെ 22 പശുക്കളാണ് ഒരു ദിവസം ചത്തത്. പുല്ലു മേയാനായി അവയെ സ്വതന്ത്രമായി വിടുന്നതായിരുന്നു പതിവ്. എന്നാൽ ഒരിക്കൽ പുല്ലില്‍ നിന്നുള്ള വിഷാംശം ഉള്ളിൽ ചെന്ന് അവ ചത്തുവീണു. 22 പശുക്കളെയാണ് അന്നു നഷ്ടപ്പെട്ടത്. ആ നഷ്ടം വന്നപ്പോഴുണ്ടായ വേദന വളരെ വലുതായിരുന്നു. അവയെ കുഴിച്ചിട്ടപ്പോഴാണ് ജീവിതത്തില്‍ ഞാനുമെന്റെ ഭാര്യയും ഏറ്റവും അധികം കരഞ്ഞത്. ഈ രണ്ട് മക്കളുടെ കാര്യത്തിലും സംഭവിച്ചത് അതാണ്’എന്ന് ജയറാം പറഞ്ഞു.
ജയറാം നായകനായെത്തുന്ന മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിങ് പരിപാടി ഈ മാസം നാലിന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ആ ചടങ്ങ് മാറ്റിവച്ചുള്ള അഞ്ച് ലക്ഷം രൂപയാണ് കുട്ടികള്‍ക്ക് ധനസഹായമായി നല്‍കിയത്.
പിതാവിന്റെ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. കുട്ടികര്ഷകനായ മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങളും ഈ കുട്ടികര്ഷകനെ തേടിയെത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന് വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.