ചോറ്റാനിക്കര: മേളപ്രേമികൾക്ക് നിർവൃതി പകർന്ന് ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ പത്മശ്രീ ജയറാമിന്റെ പ്രമാണത്തിൽ അഞ്ചാം പവിഴമല്ലിത്തറമേളം. ജയറാം ഏഴു തവണ പ്രമാണക്കാരനായി ക്ഷേത്രത്തിൽ മേളം നടത്തിയിരുന്നു. ആദ്യ രണ്ടു തവണയും സാധാരണമേളമാണ് നടത്തിയിരുന്നത്. ജയറാമിന്റെ നേതൃത്വത്തിലുള്ള അഞ്ചാമത്തെ പവിഴമല്ലിത്തറമേളമാണ് ഇന്നലെ രാവിലെ 8.30ന് ശ്രീമൂലസ്ഥാനത്തിനു മുന്നിൽ അരങ്ങു തകർത്തത്.
ഒന്നാം കാലത്തിൽ തുടങ്ങി രണ്ടും മൂന്നും നാലും കാലങ്ങൾ കൊട്ടിക്കയറി അഞ്ചാം കാലത്തിൽ പവിഴമല്ലിത്തറയുടെ മുന്നിലാണ് കൊട്ടി കലാശിച്ചത്. ക്ഷേത്രത്തിലെ പന്തീരടി പൂജയും സരസ്വതീപൂജയും കഴിഞ്ഞു മൂന്നു ഗജവീരന്മാരുടെ ശീവേലിക്കാണ് മേളം നടന്നത്. ആകെ 111 വാദ്യകലാകാരന്മാർ മേളത്തിൽ പങ്കുചേർന്നു.രണ്ടര മണിക്കൂർ നീണ്ട മേളം കാണാൻ നൂറുകണക്കിന് ആസ്വാദകരാണ് ക്ഷേത്രാങ്കണത്തിൽ തടിച്ചുകൂടിയത്.