താരങ്ങളിൽ പലരും സംവിധായകരായി അരങ്ങേറിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ. വർഷങ്ങളുടെ അനുഭവസന്പത്തുമായി സിനിമയിൽ തുടരുന്ന ഇവർ വേറിട്ട ചുവടുവെപ്പുമായി എത്തുന്പോൾ മികച്ച സ്വീകരണമാണ് പ്രേക്ഷകർ നൽകുന്നത്. കാമറയ്ക്ക് മുന്നിൽ നിന്നു പിന്നിലേക്കെത്തി സംവിധാനത്തിലും മികവ് തെളിയിച്ചാണ് പലരും മുന്നേറുന്നത്.
കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായ ജയറാമും സംവിധായകന്റെ കുപ്പായമണിയാൻ പോവുകയാണ്. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് താരം ഇതു വെളിപ്പെടുത്തിയത്.
“”സംവിധാനമെന്ന് പറയുന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആഗ്രഹമാണ്. മലയാളി പ്രേക്ഷകർക്ക് എന്നും മനസിൽ വയ്ക്കാൻ കഴിയുന്ന തരത്തിലുള്ള ചിത്രവുമായാവും എന്റെ വരവ്. അഭിനയത്തിന് പുറമേ സംവിധാനമെന്ന് പറയുന്നത് അത്ര എളുപ്പമുള്ള ജോലിയല്ല, ഒരു ഷിപ്പിന്റെ ക്യാപ്റ്റനാവുകയെന്നത് വളരെ വലിയ കാര്യമാണ്.
സംവിധാനം വളരെ നിസാരമാണെന്ന് പറയുന്നവരുണ്ടാവും, പക്ഷേ എന്നെ സംബന്ധിച്ച് അങ്ങനെയല്ല.പക്കാ കൊമേഴ്സ്യൽ ചിത്രവുമായല്ല ഞാനെത്തുക, ഞാൻ കാണാനാഗ്രഹിക്കുന്ന തരത്തിലുള്ള, മനസിലുള്ള ചിത്രം. ബോക്സോഫീസിൽ നിറഞ്ഞോടുമെന്നൊന്നും പറയുന്നില്ല, പക്ഷേ എന്നും പ്രേക്ഷകമനസിൽ എന്റെ സിനിമ നിറഞ്ഞുനിൽക്കും.”- ജയറാം പറയുന്നു.
അഭിനയത്തിന് പുറമേ താരം സംവിധാനത്തിലും ചുവടുവെക്കുകയാണെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. നാലുപതിറ്റാണ്ട് നീണ്ട സിനിമാജീവിതത്തിനിടെ അടുത്തിടെയാണ് മോഹൻലാൽ സംവിധായകനാവുന്നുവെന്നറിയിച്ചത്. ബറോസ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാനരംഗത്തേക്ക് കടക്കുന്നത്. ഒക്ടോബറിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളാണ് ഒടുവിലായി പുറത്തുവന്നത്.
നടനായ കലാഭവൻ ഷാജോണ് സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പൃഥ്വിരാജും ഐശ്വര്യലക്ഷ്മിയുമാണ് നായികാനായകന്മാർ. ചുരുക്കം ചില വനിതകളേ സംവിധാനത്തിലേക്ക് തിരിഞ്ഞിട്ടുള്ളൂ. അഞ്ജലി മേനോനും ഗീതുമോഹൻദാസിനും പിന്നാലെയായാണ് ഗൗതമി നായരും സ്വന്തം സിനിമയുമായി എത്താനൊരുങ്ങുന്നത്.
ശ്രീനാഥ് രാജേന്ദ്രനുമായുള്ള വിവാഹത്തിന് ശേഷം ഇടക്കാലത്ത് സിനിമയിൽ നിന്നും മാറിനിന്നിരുന്നു ഗൗതമി. നായികയായല്ല സംവിധായികയായാണ് തന്റെ തിരിച്ചുവരവെന്ന് ഗൗതമി വ്യക്തമാക്കിയായിരുന്നു. വൃത്തമെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്നാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.