താനുമായി ബന്ധപ്പെടുത്തി കുറച്ചു ദിവസങ്ങളായി പ്രചരിക്കുന്ന വീഡിയോയിലെ സത്യാവസ്ഥ തുറന്നു പറഞ്ഞ് നടൻ ജയറാം. ജയറാം ഓടിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു എന്ന തരത്തിലായിരുന്നു സാമൂഹ്യമാധ്യമങ്ങളിലാകെ വീഡിയോ പ്രചരിച്ചിരുന്നത്.
ഓഫ് റോഡ് ഡ്രൈവിനിടെ കുന്നിൻ മുകളിലെത്തിയ ജീപ്പ് നിയന്ത്രണം നഷ്ടമായി പിന്നിലേക്ക് ഉരുണ്ടു പോകുന്നതായിരുന്നു ദൃശ്യങ്ങളിൽ. ജയറാമുമായി സാമ്യമുണ്ടായിരുന്ന ഒരാളായിരുന്നു ഈ ജീപ്പ് ഓടിച്ചത്. തുടർന്ന് ജയറാം ഓടിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു എന്ന വിധത്തിൽ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് നിരവധിയാളുകൾ ജയറാമിനെ അന്വേഷിച്ച് ഫോണ് വിളിക്കുകയും ചെയ്തു. കാര്യങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥ വന്നതോടെയാണ് ദൃശ്യങ്ങളിൽ വാഹനം ഓടിക്കുന്ന വ്യക്തി ഞാനല്ലെന്ന് വ്യക്കമാക്കി ജയറാം തന്നെ രംഗത്തെത്തിയത്.
കുറച്ചു ദിവസങ്ങളായി ഫോളിൽ വിളിച്ചു കാര്യമന്വേഷിച്ചവരോട് മറുപടി നൽകി മടുത്തതിനാലാണ് താൻ ഈ പോസ്റ്റ് പങ്കുവെയ്ക്കുന്നതെന്നും. സത്യാവസ്ഥ മനസിലാകാതെ ആരും വാർത്ത പ്രചരിപ്പിക്കരുതെന്നും ജയറാം പറഞ്ഞു. കൂടാതെ ജീപ്പിലുണ്ടായിരുന്നത് ആരായിരുന്നാലും അവർക്ക് അപകടമൊന്നും സംഭവിക്കരുതേയെന്ന് പ്രാർഥിക്കുന്നുവെന്നും ജയറാം പറഞ്ഞു.