സിനിമ താരങ്ങളെ കളത്തിലിറക്കി പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലാണ് സംസ്ഥാനത്തെ ബിജെപി. മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ വേണ്ടത്ര വിജയിക്കാതിരുന്നതോടെ പുതിയ താരത്തെ രംഗത്തിറക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. എറണാകുളത്ത് നടന് ജയറാമിനെ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തുന്നതായി ചില സംസ്ഥാന നേതാക്കളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
തമിഴ്നാട്ടിലെ കുംഭകോണത്താണ് ജനിച്ചതെങ്കിലും പഠിച്ചതും വളര്‍ന്നതും പെരുമ്പാവൂരിലാണ്. ഇപ്പോള്‍ ചെന്നൈയിലാണ് താമസമെങ്കിലും ഷൂട്ടിംഗിനായി പലപ്പോഴും കേരളത്തിലുണ്ടാകാറുണ്ട്. പൊതുപരിപാടികളിലും സജീവമാണ്. എന്നാല്‍ ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും അനുഭാവം പ്രകടിപ്പിക്കാത്ത ജയറാം മത്സരിക്കാനെത്തുമോയെന്ന കാര്യത്തില്‍ ഒരു വ്യക്തതയുമില്ലെന്നതാണ് സത്യം.
ഭീമന് രഘു, അലി അക്ബര്‍ തുടങ്ങിയവരെല്ലാം കഴിഞ്ഞ കാലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കഴിഞ്ഞവട്ടം ബിജെപി സ്ഥാനാര്‍ഥിയായ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെയും എറണാകുളത്ത് പരിഗണിക്കുന്നുണ്ട്. ശ്രീ മത്സരിക്കാനെത്തിയാല്‍ കൂടുതല്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തല്‍.