ഇംഗ്ലീഷ് അറിയില്ല എന്നു പറയുന്നത് വളരെ മോശം കാര്യമാണെന്നാണ് കാലം പുരോഗമിക്കുന്നതിനനുസരിച്ച് സമൂഹത്തില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ മക്കള്‍ക്ക് മലയാളം അറിയില്ല എന്നു പറയുന്നത് അഭിമാനത്തോടെ പറഞ്ഞുനടക്കുന്ന ഇന്നത്തെ മലയാളികള്‍ തന്നെയാണ് ഇതിന് ഏറ്റവും നല്ല ഉദാഹരണം. ഇതുപോലെതന്നെ സമൂഹമാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ് ഏതെങ്കിലും അവസരത്തില്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ വിഷമിക്കുന്ന പ്രശസ്തരോ സിനിമാതരങ്ങളോ ആയവരുടെ വീഡിയോ എടുത്ത് സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്ത് അവ പിന്നീട് ട്രോളുകളുടെ അകമ്പടിയോടെ സമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുക എന്നത്. ഇത്തരത്തില്‍ ഏറ്റവുമൊടുവില്‍ ഇതിനിരയായിരിക്കുന്നത് നടന് ജയറാമാണ്.
എഎന്‍ഐയുടെ റിപ്പോര്‍ട്ടറുടെ മുന്നിലാണ് ജയറാം പെട്ടുപോയത്. സ്പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന് നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു. ചിലര്‍ ജയറാമിനെ കളിയാക്കി രംഗത്തെത്തിയെങ്കിലും അധികം ആളുകളും താരത്തെ പിന്തുണക്കുകയാണുണ്ടായത്. അച്ഛനുവേണ്ടി സംസാരിച്ചത് അത്രയ്ക്ക് വലിയ അപരാതമൊന്നുമല്ലെന്ന് ആളുകള്‍ പറഞ്ഞു. അറിയാന്‍ പാടില്ലാത്തത് കൃത്യമായി അറിയില്ലെന്ന് പറഞ്ഞ് മാറികൊടുത്തു. കഷ്ടപ്പെട്ട് വിദ്യാഭ്യാസം കൊടുത്ത സ്വന്തം അച്ഛന് വേണ്ടി സംസാരിക്കുന്നതിന് കൈയ്യടിക്കുകയാണ് വേണ്ടതെന്നും ആളുകള്‍ പ്രതികരിക്കുന്നുണ്ട്.