കഥകളുടെ രാജാക്കന്മാരാണ് ജയറാമും മണിയന്‍പിള്ള രാജുവും മുകേഷുമൊക്കെ. മണിയന്‍പിള്ള രാജു എഴുതിയ ചിരിച്ചും ചിരിപ്പിച്ചും എന്ന പുസ്തകത്തില്‍ അക്കാലത്ത് അവരുടെ സിനിമജീവിതത്തില്‍ സംഭവിച്ച രസകരമായ സംഭവങ്ങള്‍ വിവരിച്ചിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് ഇനി പറയുന്നത്. ഈ കഥയിലെ നായകന് ജയറാമും വില്ലന്‍ ഒരു മുണ്ടുമാണ്. ആ സംഭവത്തിനുശേഷമാണോ ജയറാം മുണ്ട് കമ്പനിക്കാരുടെ ബ്രാന്‍ഡ് അംബാസിഡറായതെന്നു ചോദിച്ചാലും തെറ്റില്ല. ഇനി കഥയിലേക്ക് വരാം-
ജയറാമിന്റെ വിവാഹത്തിനു മുമ്പാണ് സംഭവം. പാര്‍വതിയുമായുള്ള പ്രണയം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. കേരളത്തിലെ കടകളുടെയെല്ലാം ഉദ്ഘാടനത്തിനു ജയറാം ഉണ്ടാകും. ഒരുദിവസം അദേഹം ഒരു ഉദ്ഘാടനത്തിനുപോയി. നല്ലൊരു സില്‍ക്ക് ഷര്‍ട്ടും മുണ്ടും ധരിച്ച് അതിസുന്ദരനായി കടയില്‍ ചെന്നിറങ്ങുന്നു. സാമാന്യം നല്ല ജനക്കൂട്ടമുണ്ട്. കാരണം, ജയറാമിന്റെ സ്വന്തം നാടാണല്ലോ. ചെന്നിറങ്ങിയതും ആളുകള്‍ ഉന്തും തള്ളും പിടിയും വലിയുമായി. ആള്‍ക്കൂട്ടത്തെ ഇടിച്ചുമാറ്റി ജയറാം ഒരുവിധത്തില്‍ മുന്നോട്ടുപോയി. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന് ഒരു കാര്യം മനസിലാകുന്നു അതായത് താന്‍ മുണ്ടുടുത്തിട്ടില്ല. ജയറാം ഞെട്ടിത്തിരിഞ്ഞ് ചുറ്റും നോക്കി. താഴെ വീണു കിടപ്പുണ്ടോ, ആരുയെങ്കിലും കൈയിലിരിപ്പുണ്ടോ എവിടെ? മുണ്ട് ആ ഏരിയയില്‍ ഒരിടത്തുമില്ല.
ശരിക്കും ഞെട്ടിയെങ്കിലും താരം ധൈര്യം കൈവിട്ടില്ല. ചുറ്റും നോക്കിയപ്പോള്‍ അതാ ഒരാള്‍ പത്രവുമായി നില്ക്കുന്നു. ഒന്നും നോക്കിയില്ല, പത്രം തട്ടിപ്പറിച്ചെടുത്തു. എന്നിട്ടു മുണ്ടുപോലെ മറച്ചുപിടിച്ചു തത്കാലം നാണം മറച്ചു. തല്ക്കാലം എല്ലാം സേഫ്. ഇന്നത്തെ പോലെ മൊബൈല്‍ഫോണും വാട്സാപ്പും ഒന്നുമില്ലാത്തതിനാല്‍ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. എന്നാല്‍ പണി അവിടെ കൊണ്ടും നിന്നില്ല. ഉദ്ഘാടനത്തിനായി കുനിഞ്ഞ് താലത്തിലെ കത്രിക എടുത്തു. അപ്പോഴതാ മറച്ചുപിടിച്ചിരുന്ന പത്രം ഒറ്റക്കീറല്‍. ആകെ ചമ്മി നാശമായി, ഒരു വിധത്തില്‍ അകത്തു കയറി മുണ്ടുടുത്ത് ജയറാം തിരികെ വീട്ടിലെത്തി. ഇത്രയും കഴിഞ്ഞതേ ജയറാം ചമ്മി നാശമായിരുന്നു. ഇതൊക്കെ കാമുകിയായ പാര്‍വതി അറിയുമോയെന്ന ഭയത്തിലായിരുന്നു ജയറാം. എന്തായാലും വീട്ടിലെത്തിയതിനു പിന്നാലെ പാര്‍വതി വിളിച്ചു. ഫോണ്‍ വയ്ക്കാറായപ്പോള് പാര്‍വതിയുടെ വക ഒരുചോദ്യം- ആ മുണ്ട് കിട്ടിയോ? ജീവിതത്തില്‍ അതുപോലെ ഒരിക്കലും ചമ്മിയിട്ടില്ലെന്ന് ജയറാം ഇപ്പോഴും പറയും.