ആഗോള താപനത്തിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്. ബീഫ് വ്യവസായം ആഗോള താപനത്തിലേക്ക് നയിക്കുന്ന ഒരു വിപത്താണ്. ആളുകള്‍ സസ്യാഹാരം ശീലമാക്കുന്നത് വഴി ആഗോള താപനത്തിനെതിരെയുള്ള പോരാട്ടത്തെ സഹായിക്കാനാകുമെന്നും ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളീയരുടെ ഇഷ്ടവിഭവങ്ങളിലൊന്നാണ് ബീഫ് കറി. പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും വ്യക്തമാണ്. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൂര്‍വ്വികര്‍ മാംസാഹാരികളാണെന്നും സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.