അപരന് എന്ന സിനിമ പുറത്തിറങ്ങിയിട്ട് 33 വര്‍ഷം പിന്നിട്ടു. പത്മരാജന്റെ സംവിധാനത്തില്‍ മിമിക്രി കലാകാരനായിരുന്ന ജയറാം അപരനിലെ വിശ്വനാഥന് എന്ന നായക വേഷത്തിലൂടെ സിനിമയില്‍ അരങ്ങേറി.
തന്റെ രൂപ സാദൃശ്യമുള്ള അപരന്റെ അധര്‍മ പാതയിലൂടെയുള്ള സഞ്ചാര ഫലങ്ങള്‍ അനുഭവിക്കുന്നത് വിശ്വനാഥനാണ്.
ഒരു ജോലിയുടെ ഇന്റര്‍വ്യൂവിനായി നഗരത്തിലെത്തിയ വിശ്വനാഥന് താന്‍ ചെയ്യാത്ത കുറ്റത്തിനെല്ലാം പ്രതിയാകുന്നു.
കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തന്റെ അപരൻ നഗരത്തിലുണ്ടെന്ന് മനസിലാക്കുന്നത്. തന്റെ ജോലി കൂടി അവൻ കാരണം നഷ്ടപ്പെടുന്നതോടെ വിശ്വനാഥൻ അവനെ അന്വേഷിച്ച് അവന്റെ വഴികളിലൂടെ സഞ്ചരിക്കുന്നു.
പിന്നീട് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്ന തരത്തിലാണ് ചിത്രത്തിന്റെ പോക്ക്. ത്രില്ലർ സിനിമകൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ കൂടിയാണ് പത്മരാജന് ക്ലാസിക് സിനിമകളിലൊന്നായ അപരന്.
പത്മരാജൻ ചിത്രമായ അപരനിലേക്ക് ജയറാം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ജയറാമിനെയും പത്മരാജനെയും വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയതിനെ കുറിച്ചും അവർ ചോദിച്ച ചോദ്യങ്ങളെ കുറിച്ചും അടുത്തയിടെ സലിംകുമാർ മനസ് തുറന്നിരിക്കുന്നു.
ജയറാമിനെ സിനിമയിലേക്കെടുക്കാൻ പത്മരാജന് ഭ്രാന്തുണ്ടോ എന്ന പലരും ചോദിച്ചതായി ഓർക്കുന്നുവെന്നാണ് സലിംകുമാർ പറഞ്ഞത്.
അപരന് എന്ന ആ സിനിമ വിജയിക്കാനായി അന്ന് പരിചയം പോലുമില്ലാത്ത ജയറാമിന് വേണ്ടി പുഷ്പാഞ്ജലി കഴിപ്പിച്ചിട്ടുണ്ടെന്നും സലിംകുമാര്‍ പറയുന്നു.
ഇതോടൊപ്പം മിമിക്രിയെ തരംതാഴ്ത്തി സംസാരിക്കുന്നവർക്ക് സലിംകുമാർ രൂക്ഷമായ ഭാഷയിൽ മറുപടിയും നൽകി. ഒരുപാട് കലാകാരന്മാരുടെ ജീവിതമാർഗമാണ് മിമിക്രി.
മറ്റേത് കലയെടുത്താലും അതിനേക്കാള്‍ ഉപരിയായി മിമിക്രി ജീവിതമാക്കിയവര്‍ നിരവധിയാണെന്ന് സലിം കുമാര്‍ പറയുന്നു.
മിമിക്രിക്കാര് ചെയ്യുന്ന കോമഡി സിനിമയെ മിമിക്രി സിനിമ എന്ന് പറഞ്ഞ് തരം താഴ്ത്തിയ സമയമുണ്ടായിരുന്നുവെന്നും അതിന് ഇരയായ ആളാണ് കലാഭവൻ മണിയെന്നും സലിംകുമാർ പറയുന്നു.
കലാഭവന്‍ മണിയുടെ അഭിനയത്തെയൊക്കെ മിമിക്രി കാണിച്ചുവെന്ന് പറഞ്ഞ് നിരവധി പേർ ആക്ഷേപിച്ചിരുന്ന കാലമുണ്ടായിരുന്നുവെന്നും സലിംകുമാർ പറയുന്നു. -പിജി