തൊടുപുഴ: പതിനഞ്ചുകാരന് നടത്തിയിരുന്ന ഫാമിലെ 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കൈത്താങ്ങായി നടൻ ജയറാമും സിനാമാ പ്രവർത്തകരും. ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്ലര് എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് കുട്ടികർഷകന് സഹായ ഹസ്തവുമായെത്തുന്നത്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ചിത്രത്തിന്റെ ട്രെയ്ലര് ലോഞ്ചിങ് പരിപാടി ഈ മാസം നാലിന് നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. എന്നാൽ കുട്ടികർഷകൻ മാത്യുവിനെ തേടി അപ്രതീക്ഷിത ദുരന്ത വാർത്ത എത്തിയത് കഴിഞ്ഞ ദിവസമാണ്. ഇതറിഞ്ഞ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ട്രെയ്ലര് ലോഞ്ചിങ് പരിപാടി വേണ്ടെന്നുവയ്ക്കുകയും അതിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ മാത്യുവിന്റെ കുടുംബത്തിന് കൈമാറാൻ തീരുമാനിക്കുകയും ചെയ്തു. ജയറാം ഇന്ന് നേരിട്ട് തൊടുപുഴയിലെത്തി തുക കൈമാറും.
പിതാവിന്റെ മരണത്തിനു ശേഷമാണ് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു പതിമൂന്നാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. കുട്ടികര്ഷകനായ മാത്യുവിന്റെ പശുക്കള്‍ കൂട്ടത്തോടെ ചത്ത ദാരുണ സംഭവം നാടിനാകെ വേദനയായി. സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെ മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി സംശയിക്കുന്നു.
ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് വെറ്ററിനറി ഡോക്ടര്‍മാരായ ഡോ.ഗദ്ദാഫി, ഡോ.ക്ലിന്റ്, ഡോ.സാനി, ഡോ.ജോര്‍ജിന് എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും ഇതിനോടകം 13 വലിയ പശുക്കള്‍ ചത്തിരുന്നു.
സംഭവത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരില്‍ നിന്ന് അടിയന്തരമായി റിപ്പോര്‍ട്ട് തേടി. പശുക്കള്‍ ചത്തതില്‍ ദുരൂഹത ഉണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്. മികച്ച കുട്ടിക്ഷീര കര്‍ഷകനുള്ള അവാര്‍ഡിനു പുറമെ ഒട്ടേറെ പുരസ്കാരങ്ങളും ഈ കുട്ടികര്ഷകനെ തേടിയെത്തിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന് വീട്ടിലെത്തി മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.