ജയറാം എന്ന നടനെ സംബന്ധിച്ച് തന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു പത്മരാജൻ, ഭരതൻ എന്നിവരുടെ അകാലവിയോഗങ്ങൾ.
കാരണം രണ്ടു പേരും അവരുടെ അവസാനകാലത്ത് ജയറാമിനെ വച്ചുള്ള ഗംഭീര സിനിമകളായിരുന്നു പ്ലാൻ ചെയ്തിരുന്നത്.
പത്മരാജൻ ഏറ്റവും ഒടുവിലായി സംവിധാനം ചെയ്ത ഞാൻ ഗന്ധർവ്വൻ (1991) എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടികൾ നടക്കുന്നതിനിടെ ഒരു ദിവസം അദ്ദേഹം തൃശൂർ രാമനിലയം ഹോട്ടലിലേക്ക് ജയറാമിനെ വിളിപ്പിച്ചു.
ആയിടയ്ക്ക് റിലീസായ പടങ്ങളെല്ലാം തന്നെ കാര്യമായ വിജയം കാണാതെ മോശം സാഹചര്യത്തിലായിരുന്ന ജയറാം പത്മരാജനോട് തന്റെ സങ്കടം പങ്കു വച്ചു.
ഒടുവിൽ അവിടെ നിന്നു പിരിയാൻ സമയത്ത് പത്മരാജൻ ജയറാമിന് വാക്കു കൊടുത്തു, സാരമില്ലടാ . നീ വിഷമിക്കണ്ട. ഉഗ്രനൊരു സിനിമ നിന്നെ വച്ച് ഞാൻ പ്ലാൻ ചെയ്യുന്നുണ്ട്.
സ്പോർട്സുമായി ബന്ധപ്പെട്ട കഥയാണ്. അത് നിന്റെ കരിയർ ബെസ്റ്റ് തന്നെയാകും’’ എന്ന്. പക്ഷെ അത് നടന്നില്ല. ദിവസങ്ങൾക്കുള്ളിൽ, കോഴിക്കോട് ഹോട്ടൽ പാരമൗണ്ട് ടവേഴ്സിൽ വച്ച് ഹൃദയാഘാതം മൂലം പത്മരാജൻ വിടവാങ്ങി.
ഇതുപോലൊരു വാഗ്ദാനം ജയറാമിനു നൽകിയിട്ടാണ് സംവിധായകൻ ഭരതനും ഇവിടം വിട്ടു പോയത്. തന്റെ ഡ്രീം പ്രോജക്റ്റായ കുഞ്ചൻ നന്പ്യാർ ജയറാമിനെക്കൊണ്ട് ചെയ്യിപ്പിക്കണം എന്നതായിരുന്നു ഭരതന്റെ ആഗ്രഹം.
അതിനു വേണ്ടി അദ്ദേഹം ഒരുപാട് പേപ്പർ വർക്കുകളും നടത്തിയിരുന്നു. ഏറ്റവും ഒടുവിൽ, കുഞ്ചൻ നന്പ്യാരുടെ രൂപത്തിൽ ജയറാമിനെ മനസിൽ കണ്ട് ചിത്രകാരനും കൂടിയായ ഭരതൻ ഒരു ചിത്രം വരച്ച് അത് ജയറാമിന് സമ്മാനിക്കുകയും ചെയ്തു.
പക്ഷെ അവിടെയും മരണം വില്ലനായി മാറുകയായിരുന്നു. ഭരതനും ഈ ലോകത്തു നിന്നു യാത്രയായി. -പി.ജി