ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങി, പിണറായി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍

adv jayasankarകെ കരുണാകരന്റെ കാലത്തുപോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷന്‍ അഡ്വക്കേറ്റ് എ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസിന്റെ പ്രവര്‍ത്തന മികവിനെയും കൃത്യതയേയും വിമര്‍ശിക്കുന്നവരില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും മാത്രമല്ല, മാര്‍ക്‌സിസ്റ്റുപാര്‍ട്ടി കേന്ദ്ര നേതാക്കള്‍ വരെയുണ്ടെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്

ലോക്കപ്പ് മരണം, ഏറ്റുമുട്ടല്‍ കൊലപാതകം, ദേശീയഗാനം പാടാത്തതുകൊണ്ട് ദേശദ്രോഹ കുറ്റം, ഉറക്കെ തുമ്മിയാല്‍ യുഎപിഎ….. കരുണാകരന്റെ കാലത്തുപോലും കേള്‍ക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പിണറായി ഭരണത്തിന്‍കീഴില്‍ നടക്കുന്നത്. കേരളാ പോലീസിന്റെ പ്രവര്‍ത്തനമികവിനെയും കൃതകൃത്യതയെയും വിമര്‍ശിക്കുന്നവരില്‍ കോണ്‍ഗ്രസുകാരും ബിജെപിക്കാരും ലീഗുകാരും മാത്രമല്ല മാര്‍ക്‌സിസ്റ്റുപാര്‍ട്ടി കേന്ദ്രനേതാക്കള്‍വരെയുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ ഭരണം ഇതിലും എത്രയോ ഭേദമായിരുന്നു എന്ന് ജനം പറയാന്‍ തുടങ്ങിയിട്ടുണ്ട്.

റേഷന്‍ കടയില്‍ അരി തീര്‍ന്നതിനുപിന്നാലെ കെഎസ്ആര്‍ടിസി മിനിമം ചാര്‍ജ്ജ് ഏഴുരൂപയാക്കി (നേര് നേരത്തെ അറിയിക്കുന്ന നമ്മുടെ പാര്‍ട്ടിപത്രത്തിന്റെ ഭാഷയില്‍, കെഎസ്ആര്‍ടിസിയുടെയും സ്വകാര്യ ബസുകളുടെയും നിരക്ക് ഏകീകരിച്ചു) ലോകവിപണിയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വിലകുത്തനെ കുറഞ്ഞതുകൊണ്ടാണ് 2016 ഫെബ്രുവരിയില്‍ അന്നത്തെ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കെഎസ്ആര്‍ടിസിയുടെ മിനിമം നിരക്ക് ഏഴില്‍ നിന്ന് ആറാക്കി കുറച്ചത്. സ്വകാര്യ ബസുകാര്‍ക്ക് നഷ്ടം വന്നാലോ എന്നുപേടിച്ചു അവരുടെ നിരക്ക് കൂട്ടിയില്ല. അപ്പോഴേക്കും തിരഞ്ഞെടുപ്പ് വന്നു, ഉമ്മന്‍ മന്ത്രിസഭ ചരിത്രത്തിന്റെ ഭാഗമായി.

ഇടതുസര്‍ക്കാര്‍ വന്നപ്പോള്‍ എല്ലാം ശരിയാവും, സ്വകാര്യ ബസിന്റെ മിനിമം ചാര്‍ജ്ജ് ആറുരൂപയാക്കി കുറക്കും എന്ന് ശുദ്ധാത്മാക്കളെങ്കിലും വ്യാമോഹിച്ചു. ആറുമാസം ഇലവുകാത്തകിളിപോലെ കാത്തിരുന്നു ഒടുവില്‍ ഇപ്പോള്‍ നിരക്ക് ഏകീകരിച്ചു  സ്വകാര്യ ബസിന്റെ മിനിമം കുറച്ചുകൊണ്ടല്ല, ആനവണ്ടിയുടേത് കൂട്ടിക്കൊണ്ട്. കെഎസ്ആര്‍ടിസിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാന്‍ വെറെ മാര്‍ഗ്ഗമൊന്നുമില്ല, യാത്രക്കാര്‍ അല്‍പ്പം നഷ്ടം സഹിക്കണം. സര്‍ക്കാരിന്റെ കൈയില്‍ മാന്ത്രികവടി ഒന്നുമില്ല എന്ന് പിണറായി സഖാവ് തുറന്നുപറഞ്ഞു. അദ്ദേഹത്തിന്റെ കയ്യില്‍ ആകെയുള്ളത് പോലീസിന്റെ ലാത്തി മാത്രമാണ്. അതുപയോഗിക്കുമ്പോള്‍ ആരും പരിഭവിക്കരുത്, പരാതി പറയരുത്.

Related posts