ചവറ: നരേന്ദ്ര മോദി കഴിഞ്ഞാൽ രാജ്യത്തെ ഏറ്റവും വലിയ നിയോ ലിബറൽ നയങ്ങൾ പിൻതുടരുന്ന ഭരണാധികാരി പിണറായി വിജയനാണന്ന് രാഷ്ട്രീയ നരീക്ഷകനും മാധ്യമ പ്രവർത്തകനുമായ ജയശങ്കർ പറഞ്ഞു.
ബേബിജോണ്‍ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ആർവൈഎഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹിഷ്ണുത ഭാരതം, മതേതര ഭാരതം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന യുവജന സദസിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്നത്തെ കാലത്ത് കോണ്‍ഗ്രസ് തകരുന്പോൾ വളർന്ന് വരുന്നത് വർഗീയ ശക്തികളെ മുറുകെപ്പിടിക്കുന്ന രാഷ്ട്രീയ ശക്തികളാണ്. തെറ്റുകൾ ആവർത്തിക്കുന്നത് ഇടത് പക്ഷത്തെ ദുർബലപ്പെടുത്തുന്നു. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഇടത് പക്ഷത്തിന് കഴിയാതെ പോകുന്നത് കൊണ്ട് ജനങ്ങളിൽ നിന്നും ഈ പാർട്ടി അകന്ന് പോകുന്ന അവസ്ഥയാണ്.
ഭരതത്തിലെ രാഷ്ട്രീയത്തെ മലീമസമാക്കുന്ന വർഗീയ ഫാസിസത്തിനെതിരെയുളള ചർച്ചകളും പ്രക്ഷോഭങ്ങളും രാജ്യത്താകമാനം ഉയർന്ന് വരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുവജന സദസ് മുൻ മന്ത്രി ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.
ആർവൈഎഫ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കാട്ടൂർ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു.കെ.എം ഷാജഹാൻ, സി. പി സുധീഷ്കുമാർ,വിഷ്ണു മോഹൻ,എസ്. ലാലു, താജ് പോരൂക്കര, ഹാഷിം, വൈശാഖ് എന്നിവർ പ്രസംഗിച്ചു.