കോഴിക്കോട്: ശാരീരിക അവശതകളുള്ള യുവതി ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹതയെന്ന് അമ്മയുടെ പരാതി. കോഴിക്കോട് കോര്‍പറേഷനിലെ വെസ്റ്റ്ഹില്‍ ശാന്തിനഗര്‍ കോളനിയിലെ ഉളിക്കല്വീട്ടില് പുഷ്പലതയുടെ മകള്‍ ജയശ്രീ ആണ് മരിച്ചത്.
സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പുഷ്പലത സിറ്റി പോലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ്ജിന് പരാതി നല്കി. തുടര്‍ന്ന് സൗത്ത് അസി.കമ്മീഷണര്‍ എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ കമ്മീഷണര്‍ രൂപീകരിച്ചു.
ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ജയശ്രീയുടെ ഭര്‍ത്താവായ കെ.സി.രതീഷിന്റെ സൃഹത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന വിവരം പുഷ്പലതയെ അറിയിക്കുന്നത്.
കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലാണ് ഇപ്പോഴുള്ളതെന്നും സുഹൃത്ത് അറിയിച്ചിരുന്നു. ഉടന്‍ തന്നെ പുഷ്പലത ആശുപത്രിയിലെത്തി. സംസാരിക്കാനാവാത്ത അവസ്ഥയിലായിരുന്നു ജയശ്രീ.
ഈ സമയം രതീഷ് മദ്യലഹരിയിലായിരുന്നുന്നെന്ന് പുഷ്പലത പറയുന്നു. ആറു വര്‍ഷം മുമ്പാണ് ജയശ്രീയെ രതീഷ് വിവാഹം ചെയ്യുന്നത്. പിന്നീട് ഇരുവരും രതീഷിന്റെ ഫറോക്ക് കരുവന്‍തുരുത്തിലെ വീട്ടിലായിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ജയശ്രീയ്ക്ക് എല്ല്രോഗത്തെ തുടര്‍ന്ന് ഒരു ഭാഗം ചലനശേഷി നഷ്ടപ്പെട്ടു. ഏറെ ചികിത്സ നടത്തിയെങ്കിലും പൂര്‍ണമായും അസുഖം ഭേദമായില്ല.
രതീഷ് സ്ഥിരം മദ്യപാനിയായിരുന്നു. അസുഖമുള്ള മകളെ നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നതായും പുഷ്പലത പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കി.
പീഡനം സഹിക്കവയ്യാതെ പലപ്പോഴും മകളെ വെസ്റ്റ്ഹില്ലിലെ വീട്ടിലേക്ക് കൊണ്ടുവരും. വീട്ടിലെത്തിയും രതീഷ് ശാരീരികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും ഇതിനെ എതിര്‍ത്തപ്പോള്‍ തന്നെയും കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായും പുഷ്പലത പരാതിയിൽ പറഞ്ഞു.
രതീഷിന്റെ ഭീഷണിയെ തുടര്‍ന്നാണ് അന്ന് പോലീസില്‍ പരാതി നല്‍കാതിരുന്നത്. വെസ്റ്റ്ഹില്ലിലെ വീട്ടില്‍ നിന്നും പലപ്പോഴും മകളെ നിര്‍ബന്ധപൂര്‍വം രതീഷ് കരുവന്‍തുരുത്തിലെ വീട്ടിലേക്ക് കൊണ്ടുപോവുമായിരുന്നു.
ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ നിലനില്ക്കുകയാണെങ്കിലും മകള്‍ അസുഖം ഭേദമാവുമെന്ന പ്രതീക്ഷയോടെയാണ് ജീവിച്ചിരുന്നത്. അസുഖം ഭേദമായാല്‍ സ്വന്തമായി ജോലി ചെയ്യാമെന്നും ജയശ്രീ മരിക്കുന്നതിന് ഏതാനും ദിവസം മുമ്പും പറഞ്ഞിരുന്നു.
പ്രഭാതകൃത്യം നിർവഹിക്കാൻപോലും പരസഹായം ആവശ്യമുള്ള മകള്‍ക്ക് ഒരിക്കലും ഫാനിൽ കെട്ടിതൂങ്ങി ആത്മഹത്യ ചെയ്യാന്‍ സാധിക്കില്ലെന്നാണ് പ്രേമലത പറയുന്നത്.
നിവര്‍ന്ന് നില്ക്കാന് പോലും രതീഷിന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നതായും പുഷ്പലത പറഞ്ഞു. അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കുന്ന മകളെ ആശുപത്രിയില്‍ വച്ചും രതീഷ് വേദനിപ്പിച്ചുകൊണ്ടിരുന്നു.
കൈവിരല്‍ പിടിച്ച് തിരിക്കുകയും മറ്റും ചെയ്ത രതീഷിന്റെ പെരുമാറ്റം സഹിക്കവയ്യാതെ ഇക്കാര്യം ആശുപത്രി അധികൃതരെ അറിയിക്കുകയും അവര്‍ രതീഷിനെ പുറത്താക്കുകയുമായിരുന്നുവെന്നും പുഷ്പലത പറഞ്ഞു.
രതീഷിനെ പിടികൂടിയാൽ മാത്രമെ യാഥാർഥ്യം പുറത്തുവരുവെന്നും ഇയാൾക്കായി ഊർജിത അന്വേഷണം നടക്കുകയാണെന്നും സൗത് അസി.കമ്മീഷണർ എ.ജെ.ബാബു പറഞ്ഞു. അയൽ സംസ്ഥാനത്തേക്ക് കടന്ന ഇയാളുടെ മൊബൈൽഫോൺ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.