കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയും തഹസില്‍ദാര്‍ ജയശ്രീയും തമ്മിൽ അടുത്ത ബന്ധം. ജോളിയുടെ യാത്രകളെ കുറിച്ചും മറ്റുമുള്ള എല്ലാ വിവരങ്ങളും ജയശ്രീയുമായി പങ്കുവച്ചിരുന്നതായാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
വ്യാജ ഒസ്യത്ത് തയാറാക്കുന്നതിനു മുമ്പേ തന്നെ ജയശ്രീയുമായി അടുത്തബന്ധമായിരുന്നു ഉള്ളതെന്ന് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. കൂടാതെ ജോളിയുടെ ഉറ്റസുഹൃത്തായ ജോണ്‍സണുമായും ജയശ്രീക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ജോളിയും ജോണ്‍സണും കോയമ്പത്തൂരില്‍ കഴിഞ്ഞതും മറ്റു വിവരങ്ങളും ജയശ്രീക്ക് അറിയാമായിരുന്നു. ഷാജുവിനേയും ജോണ്‍സന്റെ ഭാര്യയേയും അപായപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടതിനെ കുറിച്ചും ജയശ്രീക്ക് അറിയാമായിരുന്നോ എന്നാണ് പരിശോധിക്കുന്നത്.
ജോളിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ ജയശ്രീ ജോണ്‍സണെ വിളിച്ചിരുന്നു. കൂടത്തായി കേസില്‍ കുടുങ്ങുമോയെന്ന ആശങ്ക ജയശ്രീക്കുണ്ടായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. തന്റെ മകളെയും ജോളി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണം സ്വയം രക്ഷിക്കാനായി ജയശ്രീ മെനഞ്ഞതാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
താനുമായി ജോളി ശത്രുതയിലാണെന്നു വരുത്തിതീർക്കുകയായിരുന്നത്രെ ഈ ആരോപണത്തിന്റെ ലക്ഷ്യം. അതേസമയം വകുപ്പ് തല അന്വേഷണം ജയശ്രീക്കെതിരേ നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയായതിന് ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ജയശ്രീയെ രക്ഷിക്കാൻ ചില രാഷ്ട്രീയ നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.