മുംബൈ: ചലച്ചിത്ര താരം ജയസുധയുടെ ഭർത്താവും സിനിമ നിർമാതാവുമായ നിതിൻ കപൂർ കെട്ടിടത്തിന്റെ മുകളിൽ നിന്നു താഴെ വീണു മരിച്ചു. ജീവനൊടുക്കിയതെന്ന് സംശയിക്കുന്നുണ്ടെങ്കിലും ആത്മഹത്യാകുറിപ്പുകളോ മറ്റ് രേഖകളോ കണ്ടെത്തിയിട്ടില്ല. ആറ് നിലയുള്ള കെട്ടിടത്തിന്റെ ടെറസിലേക്കുള്ള വാതിലുകൾ തകർന്ന നിലയിലാണ് കണ്ടതെന്ന് പോലീസ് പറഞ്ഞു. വാതിലുകൾ നിതിൻതന്നെയാണ് തകർത്തതെന്ന് സംശയിക്കുന്നു. ഇദ്ദേഹം കുറച്ചുനാളുകളായി വിഷാദരോഗത്തിന് ചികിത്സയിലിരിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
1985ലാണ് നിഥിനും ജയസുധയും വിവാഹിതരായത്. ഇരുവർക്കും രണ്ടു മക്കളുമുണ്ട്. ബോളിവുഡ് നടൻ ജിതേന്ദ്രയുടെ ബന്ധുവാണ് നിതിൻ കപൂർ. നിർമാതാവായിരുന്ന നിഥിൻ കപൂർ നിരവധി ബോളിവുഡ് സിനിമകൾ നിർമിച്ചിട്ടുണ്ട്. ജയസുധ മലയാളത്തിൽ അടക്കം 250 ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ജയസുധ സജീവമാണ്. ആദ്യം കോണ്ഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഇവർ 2016ഓടെ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നിരുന്നു. ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിൽ ജയസുധ പ്രധാന വേഷത്തിലെത്തി.