മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരം ജയസൂര്യയുടെ പുതിയ ചിത്രമായ ക്യാപ്റ്റൻ അണിയറയിൽ ഒരുങ്ങുകയാണ്. ഫുട്ബോൾ പ്രേമികളുടെ ഇഷ്ടതാരം വി.പി. സത്യന്റെ ജീവിതകഥയാണ് ക്യാപ്റ്റൻ. കേരള പോലീസ് ടീമിന്റെ ജേഴ്സിയിൽ നിന്ന് ഇന്ത്യൻ ടീമിന്റെ അമരക്കാരനായി എത്തിയ വി.പി. സത്യനായി വേഷമിടാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് ജയസൂര്യ.
സ്പോർട്സ് താരങ്ങളുടെ ജീവിതകഥ പറയുന്ന ഒരൊറ്റ സിനിമയും മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രജേഷ് സെൻ സംവിധാ നം ചെയ്യുന്ന ഈ ചിത്രത്തിന്റെ പ്രാധാന്യവും വർധിക്കുകയാണ്. കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പി ക്കുന്നതിനായി അങ്ങേയറ്റം ശ്രദ്ധിക്കുന്ന ജയസൂര്യ ഈ ചിത്രത്തിന് വേണ്ടി വലിയ തയാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്.
വി.പി. സത്യനെക്കുറിച്ച് കേട്ടിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ ജീവിതകഥകളെക്കുറിച്ച് അടുത്തറിയുന്നത് ഇപ്പോഴായിരുന്നു. കഥ മുഴുവൻ കേൾക്കുന്നതിന് മുൻപു തന്നെ ഈ ചിത്രം ചെയ്യണമെന്ന് സംവിധായകനോട് പറയുകയായിരുന്നുവെന്ന് ജയസൂര്യ പറയുന്നു. വിപി സത്യനെന്ന ക്യാപ്റ്റനായി മാറുന്നതിന് മുൻപ് ജയസൂര്യ ശാരീരികമായും മാനസികമായും പരമാവധി തയാറെടുപ്പുകൾ നടത്തിയിരുന്നു. ചിത്രത്തിന് വേണ്ടി ഉപയോഗിച്ച കോട്ടും ബെൽറ്റും വി.പി. സത്യന്റേതായിരുന്നു.
ആ ബെൽറ്റ് തനിക്ക് ശരിക്കും പാകമായിരുന്നുവെന്നും താരം പറയുന്നു. ആ വേഷത്തിൽ തന്നെക്കണ്ടപ്പോൾ ശരിക്കും സത്യേട്ടനെപ്പോലെയുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പത്നി അനിതച്ചേച്ചി പ്രതികരിച്ചത്. ഷൂട്ടിങ്ങിനിടയിൽ അപകടവും ജയസൂര്യയെ തേടിയെത്തിയിരുന്നു. കളിക്കിടയിലെ ടാക്ലിങ്ങിനിടയിലാണ് പരിക്ക് പറ്റിയത്. പരിക്ക് ഗുരുതരമായിരുന്നില്ലെങ്കിലും ഷൂട്ടിങ്ങ് കുറച്ചു ദിവസത്തേക്ക് മുടങ്ങി. താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ വച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രമായിരുന്നു ഇതെന്ന് ജയസൂര്യ പറയുന്നു. ഫുട്ബോളിനെക്കുറിച്ച് അത്ര ആഴത്തിൽ അറിയുമായിരുന്നില്ല. അത്ര നന്നായി കളിക്കാനും അറിയില്ലായിരുന്നുവെന്ന് താരം പറയുന്നു.