അഭിനേതാവെന്ന നിലയിലും വ്യക്തി എന്ന നിലയിലും മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന ഒരു നടനാണ് ജയസൂര്യ. എളിമയും അഭിനയത്തോടുള്ള പാഷനുമാണ് അദ്ദേഹത്തെ മലയാളികളുടെ ഇഷ്ട നായകനാക്കിയതെന്ന് പൊതുവേ പറയപ്പെടുകയും ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്താനും ജയസൂര്യ ശ്രമിക്കാറുണ്ട്. വ്യക്തി ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളും രസകരമായ കാര്യങ്ങളും പോലും അദ്ദേഹം ആരാധകരുമായി നിരന്തരം പങ്കുവച്ചുപോരുന്നു. എന്തിനേറെ പറയുന്നു, ഓരോ സിനിമകളിലും അദ്ദേഹം പരീക്ഷിക്കുന്ന കോസ്റ്റിയൂമുകള്ക്കും താടിയ്ക്കും വരെയുണ്ട് ആരാധകര്‍. വളരെ ലളിതമെന്ന് തോന്നുന്ന, എന്നാല്‍ ആളുകളെ ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളാണ് ഇത്രയധികം ആരാധകരെ ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ ജയസൂര്യയ്ക്ക് നേടിക്കൊടുത്തത്. ഇതിന് മറ്റൊരുദാഹരണം കൂടി നല്‍കുകയാണ് ജയസൂര്യ ഇപ്പോള്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയസൂര്യ ഏറ്റവും പുതിയ സന്തോഷവാര്‍ത്ത ആരാധകരെ അറിയിച്ചത്. സംഭവമിതാണ്..
ഒരു കൊച്ചു മിടുക്കി റോഡില്‍ ഗാനം ആലപിക്കുന്ന വിഡിയോ തന്റെ പേജിലൂടെ ജയസൂര്യ കഴിഞ്ഞ ദിവസം ഷെയര്‍ ചെയ്തിരുന്നു. ഈ കുട്ടിയുടെ വിവരങ്ങള്‍ അറിയിക്കണമെന്നും അത്ഭുതപ്രതിഭ തന്നെയാണ് ഈ മിടുക്കിയെന്നുമായിരുന്നു ജയസൂര്യയുടെ അടിക്കുറിപ്പ്. ഉടന്‍ തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ വിഡിയോ ഷെയര്‍ ചെയ്തത്. നിരവധി ആളുകള്‍ കുട്ടിയുടെ വിവരങ്ങള്‍ കമന്റ് ആയി പേജില്‍ പോസ്റ്റ് ചെയ്തു. അവര്‍ക്കൊക്കെ ഒരുപാട് നന്ദി രേഖപ്പെടുത്തിയ ജയസൂര്യ തനിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ചു. കായംകുളം സ്വദേശിയായ ശിവഗംഗയാണ് ആ മിടുക്കി.
ജയസൂര്യ വിളിച്ചപ്പോള്‍ കുട്ടിയുടെ അമ്മയാണ് ഫോണ്‍ എടുത്തത്. ജയസൂര്യയാണ് ഫോണിലെന്നും മകളുടെ പാട്ട് കേട്ട് അഭിനന്ദനം അറിയിക്കാനാണ് വിളിച്ചതെന്നും പറഞ്ഞപ്പോള്‍ ആ അമ്മയുടെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ബുദ്ധിമുട്ടാകില്ലെങ്കില്‍ തന്റെ വീട്ടില്‍ വരാമോയെന്നും ആ അമ്മയോടും മകളോടും ജയസൂര്യ ചോദിച്ചു. അവര്‍ രാവിലെ തന്നെ ജയസൂര്യയുടെ വീട്ടിലെത്തി. ശിവഗംഗയ്ക്കായി ജയസൂര്യ കാത്തുവച്ചിരുന്നത് രണ്ട് വലിയ സമ്മാനങ്ങളായിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പോലും ഇങ്ങനെയൊരു നിമിഷം ശിവഗംഗ പ്രതീക്ഷിച്ചുകാണില്ല. ജയസൂര്യയുടെ അടുത്ത ചിത്രത്തിലെ ഒരു ഗാനം ആലപിക്കാനും ഒപ്പം ആ സിനിമയില്‍ തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കാനുമുള്ള അവസരം.
ഇതേക്കുറിച്ച് ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നതിങ്ങനെ…സന്തോഷത്തോടെ ഒരു കാര്യം അറിയിക്കട്ടെ .. ഇന്നലെ എഫ്ബിയില്‍ കണ്ട ”ശിവഗംഗ” എന്ന മോളാണ് , രാജേഷ് ജോര്‍ജ്ജ് കുളങ്ങര നിര്‍മ്മിക്കുന്ന നവാഗത സംവിധായകനായ ‘സാംജി ആന്റണി’ സംവിധാനം ചെയ്യുന്ന, ഞാന്‍ നായകനായി എത്തുന്ന ‘ഗബ്രി’ എന്ന ചിത്രത്തിലെ ഗായിക…(ഒപ്പം ഒരു പ്രധാന കഥാപാത്രം ചെയ്യുന്നതും ശിവഗംഗ തന്നെ.) മോള്‍ടെ വിവരങ്ങള്‍ തന്ന എല്ലാ നല്ല മനസ്സുകള്‍ക്കും എന്റെ നന്ദി. കൂടാതെ ആ വീഡിയോ എടുത്ത ചങ്ങാതിയ്ക്കും.