മക്കളെയും കൊണ്ട് പുറത്തുപോവാറുണ്ട്, തട്ടുകടയില്‍ പോയി ഭക്ഷണം കഴിക്കാറുമുണ്ട്! ചില ദിവസങ്ങളില്‍ രണ്ടായിരം ഫോട്ടോയ്ക്കുവരെ പോസ് ചെയ്യേണ്ടിയും വരും; സ്റ്റാര്‍ഡം ആസ്വദിക്കുന്നതിങ്ങനെയെന്ന് ജയസൂര്യ

വളരെ എളിയ രീതിയില്‍ സിനിമാ ലോകത്തേയ്ക്ക് കടന്നുവന്ന്, കഠിനാദ്ധ്വാനത്തിലൂടെ ഇന്ന് നാം കാണുന്ന നിലയില്‍ എത്തിയ വ്യക്തിയാണ് നടന്‍ ജയസൂര്യ. അടുത്തകാലത്തായി ജയസൂര്യയുടേതായി ഇറങ്ങുന്ന ചിത്രങ്ങളും അതിനുദാഹരണങ്ങളാണ്. എല്ലാം വമ്പന്‍ ഹിറ്റ്്. ആരാധകരുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് വച്ച് ജയസൂര്യ ഇതിനോടകം സൂപ്പര്‍താര പദിവിയിലെത്തി കഴിഞ്ഞെന്ന് സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ പോലും തുറന്നു പറയുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജയസൂര്യ പറയുന്നത്, സ്റ്റാര്‍ഡം തന്റെ തലയ്ക്ക് പിടിച്ചിട്ടില്ലെന്ന്. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജയസൂര്യ ഇക്കാര്യം തുറന്ന് പറഞ്ഞത്. ജയസൂര്യയുടെ വാക്കുകളിങ്ങനെ…

സ്റ്റാര്‍ഡം എന്റെ തലയ്ക്ക് പിടിച്ചിട്ടില്ല. അതിന്റെ കാരണം എനിക്കറിയില്ല. അങ്ങനെ സ്റ്റാര്‍ഡം തലയ്ക്കു പിടിച്ചാല്‍ നമുക്ക് നമ്മുടെ സ്വാതന്ത്രം പോലും നഷ്ടപ്പെടും. അതിന് ഞാനില്ല. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ അമ്പലത്തിലെ പൂരം. മറ്റെല്ലാ ജോലികളില്‍ നിന്നും ഒഴിവായി ഉത്സവത്തിന്റെ എട്ടു ദിവസങ്ങളിലും ഞാന്‍ അവിടെയെത്തും. ലക്ഷകണക്കിന് ആളുകളാണ് അവിടെ ഉത്സവത്തിനെത്തുന്നത്. അതില്‍ ദിവസവും ഏകദേശം രണ്ടായിരം ആളുകളെങ്കിലും ഒപ്പം നിന്ന് ഫോട്ടോ എടുക്കാറുണ്ട്.

എന്നാല്‍ ഉത്സവപ്പറമ്പിലെ തിരക്കിനിടയില്‍ സെല്‍ഫിയ്ക്ക് പോസ് ചെയ്ത് കഷ്ടപ്പെടില്ലേ എന്നൊക്കെ കൂട്ടുകാര്‍ ചോദിക്കും. പക്ഷേ തുറന്നു പറഞ്ഞാല്‍ ഉള്ളിന്റെയുള്ളില്‍ ഞാനതെല്ലാം ആസ്വദിക്കുന്നു. താരമാണെന്ന് മസിലുപിടിച്ചിരുന്നാല്‍ ഈ സന്തോഷമൊക്കെ അനുഭവിക്കുന്നതെങ്ങനെയാണ്. ഞാനെന്റെ മക്കളെയും കൊണ്ട് പുറത്ത് പോകാറുണ്ട്. വൈകുന്നേരങ്ങളില്‍ ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ പോകാറുണ്ട്. അവിടെ വരുന്ന ആളുകളോട് സംസാരിക്കുകയും അവര്‍ക്കൊപ്പം ഫോട്ടോയെടുക്കുകയും ചെയ്യാറുണ്ട്. ഇതെല്ലാം ഞാനാസ്വദിക്കുക മാത്രമാണ് ചെയ്യുന്നത്. ജയസൂര്യ പറയുന്നു.

 

Related posts