പത്മ ജംഗ്ഷനില്‍ കെട്ടിടത്തില്‍ നിന്ന് വീണ മധ്യവയസ്കനെ ആശുപത്രിയില്‍ എത്തിക്കാതെ നോക്കിനിന്ന ജനക്കൂട്ടത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന് ജയസൂര്യ രംഗത്ത്. കേസാകുമെന്ന് പേടിച്ച് യുവാക്കള്‍ ഇത്തരം കാര്യങ്ങളില്‍ നിന്ന് പിന്‍വാങ്ങരുതെന്നും തൊട്ടു മുന്നില്‍ കാണുന്നവനെ സ്നേഹിക്കാതെ ദൈവത്തെ വിളിച്ചിട്ട് കാര്യമില്ലെന്നും ജയസൂര്യ പറയുന്നു.
അപകടം കണ്ടു നിന്ന ആളുകളുടെ അച്ഛനോ അമ്മയ്ക്കോ സുഹൃത്തുക്കള്‍ക്കോ ആയിരുന്നു ഇത് സംഭവിച്ചതെങ്കില്‍ അവര്‍ പ്രതികരിക്കുകയില്ലായിരുന്നോ എന്നും ജയസൂര്യ ചോദിച്ചു. സംഭവത്തില്‍ ഇടപെട്ട യുവതിയുടെ മുന്നില്‍ പുരുഷ സമൂഹം തലകുനിക്കണമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി സജിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് തല കറങ്ങി റോഡിലേക്ക് വീണത്. നിര്‍ത്തിയിട്ട ഒരു സ്കൂട്ടറിന് മുകളില്‍ തട്ടി ഫുട്പാത്തിലേക്കാണ് സജി വീണത്.
എന്നാല്‍, വീണത് കണ്ടെങ്കിലും ഇയാളെ ആശുത്രിയില്‍ കൊണ്ടുപോകാനോ, ഒന്നു തിരിഞ്ഞുനോക്കാനോ സ്ഥലത്ത് കൂടി നിന്നവര്‍ തയ്യാറായില്ല. ചിലര്‍ നോക്കിയ ശേഷം കടന്നുപോയി. മറ്റു ചിലര്‍ കണ്ടില്ലെന്ന് നടിച്ചു. ഇതിനിടെ എത്തിയ അഭിഭാഷക കൂടിയായ രഞ്ജിനി എന്ന സ്ത്രീയാണ് സംഭവത്തില്‍ ഇടപെട്ടത്. മകളോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് സംഭവം ശ്രദ്ധയില്‍പെട്ടത്. അവര്‍ സജിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പലരോടും അഭ്യര്‍ത്ഥിച്ചു. ആരും തയ്യാറായില്ല.
ഒടുവില്‍ ഒരു ഓട്ടോറിക്ഷ തടഞ്ഞുനിര്‍ത്തി, സജിയെ കയറ്റി. എന്നാല്‍ സജിയെ വീണ്ടും റോഡില്‍ തന്നെ കിടത്തി, ഓട്ടോക്കാരന് കടന്നുപോയി. ശേഷം അഡ്വ രഞ്ജിനി തന്നെ ഒരു കാര്‍ തടഞ്ഞു നിര്‍ത്തി സജിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ജനറല്‍ ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം സജിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.