വി പി സത്യന്റെ ജീവിതകഥ പറയുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ ക്യാപ്റ്റന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ കോഴിക്കോട് പ്രസ്സ് ക്ലബില്‍ എത്തിയത്. പക്ഷേ പ്രസ്സ് മീറ്റില്‍ ഉടനീളം ചിരിച്ചുകൊണ്ട് പെരുമാറിയ ജയസൂര്യയെ അവസാനത്തെ ഒരു ചോദ്യം പ്രകോപിപ്പിക്കുകയായിരുന്നു. അതു മാത്രമല്ല, കുറച്ച് പരിഹാസത്തോടെയാണ് ജയസൂര്യ ആ ചോദ്യത്തിന് മറുപടി നല്കിയതും. പണ്ട് താങ്കള്‍ റോഡ് നന്നാക്കാനും കുഴിയെടുക്കാനുമൊക്കെ മുന്‍നിരയില്‍ നിന്ന നടനാണ്, ഇപ്പോള്‍ അത്തരം പരിപാടികള്‍ ഒന്നും ഇല്ലേ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യമാണ് ജയസൂര്യയെ പ്രകോപിപ്പിച്ചത്.
ഇതിന് ജയസൂര്യ നല്കിയ മറുപടി എനിക്ക് മാത്രം പറ്റുന്നതല്ലല്ലോ, ആ പണി താങ്കള്‍ക്കും പറ്റുമല്ലോ എന്നായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്യുന്നില്ല എന്ന് പറഞ്ഞില്ലല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ മറുചോദ്യം. ഒരു സിനിമക്കാരനായത് കൊണ്ട് ഇത് ഇപ്പോള്‍ വാര്‍ത്തയായി. താങ്കള്‍ ചെയ്താല്‍ അത് വാര്‍ത്തയാകില്ല. എന്ന് ജയസൂര്യ വീണ്ടും മറുപടിയായി പറഞ്ഞു. അതെ, ഞാന്‍ ചെയ്താല്‍ വാര്‍ത്തയാകില്ല, കാരണം ഞാന്‍ വാര്‍ത്ത കൊടുക്കുന്ന ആളാണല്ലോ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. അവസാനം എല്ലാ ചോദ്യങ്ങളും നെഗറ്റീവായും പോസിറ്റീവായും ചോദിക്കാമല്ലോ എന്ന് പറഞ്ഞ് ജയസൂര്യ എഴുന്നേറ്റു.
പ്രകോപനപരമായിരുന്നെങ്കിലും സംസാരങ്ങള്ക്കിടയില് ചിരി വിടാതിരുന്ന ജയസൂര്യ പ്രസ് മീറ്റിന് ശേഷം താഴെ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകനോട് നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട് കേട്ടോടാ എന്ന് തമാശകൂടി പറഞ്ഞുകൊണ്ട് ആ വ്യക്തിയോട് കുശലം പറയാനും ജയസൂര്യ മറന്നില്ല. ഇതാണ് മറ്റുള്ള അഭിനേതാക്കളില്‍ നിന്ന് ജയസൂര്യയെ വ്യത്യസ്തനാക്കുന്നതും. ചിത്രത്തിലെ നായിക അനു സിത്താര, സംവിധായകന് പ്രജേഷ് സെന്‍ എന്നിവരും മീറ്റ് ദ പ്രസ് പരിപാടിയില്‍ പങ്കെടുത്തു.