സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനെ തിരഞ്ഞെടുത്തത് വോട്ടെടുപ്പിലൂടെ. പുരസ്കാര നിര്‍ണയത്തിന്റെ അന്തിമഘട്ടം എത്തിയപ്പോള്‍ ജൂറി അംഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വോട്ടെടുപ്പിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ജയസൂര്യ, ഫഹദ് ഫാസില്‍, സൗബിന് ഷാഹിര്‍, ജോജു ജോര്‍ജ് എന്നിവരായിരുന്നു അവസാന പട്ടികയിലെത്തിയത്. ഒടുവില്‍ ജയസൂര്യയും സൗബിനും മാത്രമായപ്പോഴും കടുത്തതര്‍ക്കമുണ്ടായി. മുന്‍തൂക്കം സൗബിനായിരുന്നു. ജൂറിയിലെ വനിതാ അംഗം ജയസൂര്യയ്ക്കുവേണ്ടി വാദിച്ചു. ഇതോടെയാണ് കാര്യങ്ങള്‍ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും നാലുവോട്ടു വീതം കിട്ടിയതോടെ ഇരുവരെയും സംയുക്തമായി മികച്ച നടന്മാരായി തെരഞ്ഞെടുക്കുകയാണ്.
ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യ പുരസ്കാരം നേടിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സൗബിനും ജേതാവായി. പുരസ്കാര നിര്‍ണയത്തിന്റെ തൊട്ടു തലേന്നുവരെ സൗബിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നില്ല. ജോജു ജോര്‍ജ്ജ്, ഫഹദ്, ജയസൂര്യ എന്നിവര്‍ പട്ടികയില്‍ ഇടം നേടിയെന്നായിരുന്നു വിവരം. അപ്രതീക്ഷിതമായാണ് സൗബിനെ പുരസ്കാരം തേടിയെത്തിയത്. ജോസഫ്, ചോല എന്നീ സിനിമകളിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ജോജു സ്വന്തമാക്കി.
ഫുട്ബോള്‍ ഇതിവൃത്തമായ സിനിമകളിലെ അഭിനയത്തിനാണ് ഇരുവരും പുരസ്കാരം സ്വന്തമാക്കിയത് എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇന്ത്യന്‍ ഫുട്ബോള്‍ താരം വി.പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ക്യാപ്റ്റന്‍ ഒരുക്കിയിരിക്കുന്നത്. പ്രജേഷ് സെന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. മലപ്പുറത്തെ സെവന്‍സ് ഫുട്ബോളിന്റെ കഥ പറഞ്ഞ സുഡാനി ഫ്രം നൈജീരിയയില്‍ പ്രാദേശിക ടീമിന്റെ മാനേജര്‍ വേഷത്തിലാണ് സൗബിന് എത്തിയത്.
മികച്ച നടനും നവാഗത സംവിധായകനുമടക്കം അഞ്ച് പുരസ്കാരങ്ങളാണ് സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രം സ്വന്തമാക്കിയത്. സക്കറിയ മുഹമ്മദ് സംവിധാനം ചെയ്ത ഈ ചിത്രം തിയേറ്ററുകളില്‍ വന്‍ വിജയം കൊയ്യുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഫിപ്രസി പുര്സകാരവും സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി ചെയര്മാന് കുമാര്‍ സാഹ്നിക്ക് കടുത്ത വിയോജിപ്പുകളുണ്ടായിരുന്നു. അവസാനഘട്ടത്തില്‍ തര്‍ക്കം മുറുകുകയും ചെയര്മാന് ഹാളില്‍നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു എന്നാണ് വിവരം.മികച്ച നടനുള്ള വോട്ടെടുപ്പില്‍ നിന്ന് ചെയര്‍മാനും അക്കാദമി സെക്രട്ടറിയും വിട്ടുനില്‍ക്കുകയും ചെയ്തു. ജൂറി ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ രാത്രി വൈകിയായിരുന്നു അന്തിമ അവാര്‍ഡ് നിര്‍ണയം.