തൃശൂർ: അടുത്ത സിനിമയിൽ പോലീസ് വേഷം അഭിനയിക്കുന്പോൾ എന്റെ മനസിൽ ഈ കമ്മീഷണറായിരിക്കും. അദ്ദേഹത്തിന്റെ ഒരുപാട് മാനറിസങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പ്രവർത്തനശൈലിയും രീതികളും പെരുമാറ്റവുമെല്ലാം ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു – തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിനിർത്തി നടൻ ജയസൂര്യ ചെറുചിരിയോടെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയെ ചൂണ്ടിക്കാട്ടി പറഞ്ഞു.
മുംബൈ പോലീസിന്റെ ആര്യൻ ജോണ്‍ ജേക്കബിന്റെ കുസൃതിയുണ്ടായിരുന്നു ജയസൂര്യയുടെ മുഖത്ത്. പോലീസ് സ്മൃതി ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റണ്‍ തൃശൂർ റണ്‍ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്രയെ ജയസൂര്യ പഠിച്ചതും അദ്ദേഹത്തിന്റെ പല മാനറിസങ്ങളും മനസിലേക്ക് കോപ്പി പേസ്റ്റ് ചെയ്തതും…
ടീഷർട്ടും ജീൻസുമണിഞ്ഞ് കണ്ണട വെച്ച് താടിയുമായി പതിവ് ഗെറ്റപ്പിൽ നിന്നും വ്യത്യസ്തനായാണ് ജയസൂര്യ എത്തിയത്. കമ്മീഷണറാകട്ടെ ടീഷർട്ടിനു പുറത്ത് ഓവർകോട്ടുമിട്ട് അതിലും ചെത്ത് സ്റ്റൈലിൽ ആയിരുന്നു.മാരത്തോണ്‍ ഓട്ടത്തിന് മുന്‍പ് ഒരു വാം അപ് ആയിക്കോട്ടെയെന്ന് പറഞ്ഞ് വേദിയിൽ സുംബ ഡാൻസ് നടത്തി. ഡാൻസ് ടീമിനൊപ്പം ജയസൂര്യയും യതീഷ്ചന്ദ്രയും നൃത്തച്ചുവടുവെച്ചു.
വാം അപിനാണ് നൃത്തം ചെയതതെങ്കിലും നൃത്തം കഴിഞ്ഞപ്പോൾ ജയസൂര്യയുടെ മുഖത്ത് ഒരു വലിയ പണി ചെയ്തതിന്റെ ക്ഷീണമായിരുന്നു.കിതപ്പ് മാറ്റാൻ ദീർഘനിശ്വാസം വിട്ട് ജയസൂര്യ ഡാൻസ് ടീമിനെ പ്രശംസ കൊണ്ടു മൂടി. അപാര സ്റ്റാമിന വേണം ഇതൊക്കെ കളിക്കാൻ എന്ന് ഇന്നെനിക്ക് മനസിലായി. നിങ്ങളെ സമ്മതിക്കണംട്ടാ…
നൃത്തമാടിയതിന്റെ ക്ഷീണമൊന്നുമില്ലാതെ ഓട്ടത്തിന് റെഡിയായി കമ്മീഷണർ എത്തിയപ്പോഴാണ് എന്റെ അടുത്ത പോലീസ് വേഷത്തിൽ ഞാൻ ഇദ്ദേഹത്തെ അവതരിപ്പിക്കുമെന്ന് ജയസൂര്യ പറഞ്ഞത്്. അതിനും നിറഞ്ഞ കൈയടികളായിരുന്നു മറുപടി. കമ്മീഷണർ യതീഷ്ചന്ദ്രക്കൊപ്പം അദ്ദേഹത്തിന്റെ മകനുമുണ്ടായിരുന്നു.
ഒരു സിനിമാനടന്റെ ലുക്കിലെത്തിയ യതീഷ്ചന്ദ്രയോട് അവതാരക സാറിന് സിനിമയിൽ അഭിനയിച്ചുകൂടേ എന്ന് ചോദിച്ചപ്പോൾ കമ്മീഷണർ മറുപടി പറയാതെ ചിരിയിലെല്ലാം ഒതുക്കി. ടൊവീനോ ബുള്ളറ്റോടിക്കുന്നത് കാണാനും വൻതിരക്കാണ് അനുഭവപ്പെട്ടത്.