സിൻസിനാറ്റി: അമേരിക്കൻ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി ജയസൂര്യ. “ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിലെ പ്രകടനമാണു ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് സിൻസിനാറ്റിയിൽ ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്.
രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിൽ ഒരു ട്രാൻസ്ജെൻഡർ കഥാപാത്രത്തെയാണു ജയസൂര്യ അവതരിപ്പിച്ചത്. സംസ്ഥാന സർക്കാറിന്റെ മികച്ച നടനുള്ള ചലച്ചിത്ര പുരസ്കാരമടക്കം ഒട്ടനവധി അംഗീകാരങ്ങൾ ചിത്രം നേടി. നേട്ടം വലിയൊരു അംഗീകാരമായി കാണുന്നെന്നു ജയസൂര്യ ഫേസ്ബുക്കിൽ കുറിച്ചു.
ഇന്ത്യയിൽനിന്ന് അഞ്ഞൂറോളം സിനിമകളാണു മേളയിൽ മത്സരിച്ചത്. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള മികച്ച സിനിമകളും മത്സരത്തിനുണ്ടായിരുന്നു.