കൊച്ചി: ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ലൈംഗികാതിക്രമത്തിനു മുതിര്‍ന്നെന്നു ചൂണ്ടിക്കാട്ടി നടിമാര്‍ നല്കിയ പരാതികളില്‍ നടന് ജയസൂര്യ നല്കിയ മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി.
സ്ത്രീത്വത്തെ അപമാനിച്ചതിന് ജയസൂര്യക്കെതിരേ ചുമത്തിയ വകുപ്പുകള്‍ സംഭവം നടന്നതായി പറയുന്ന കാലയളവില്‍ ജാമ്യം കിട്ടാവുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് സി.എസ്. ഡയസിന്റെ നടപടി. ജയസൂര്യ അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജയസൂര്യക്കെതിരേ കൂത്താട്ടുകുളം പോലീസ് അന്വേഷിക്കുന്ന കേസ് 2012-13 കാലയളവില്‍ നടന്നതായാണു പരാതിയില്‍ പറയുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസിലെ മറ്റൊരു കേസ് 2008 ജനുവരി ഏഴിനു നടന്നതായാണ് അതിജീവിതയുടെ ആരോപണം.
ക്രിമിനല്‍ നടപടി ചട്ടപ്രകാരം നടനെതിരേ ചുമത്തിയിരിക്കുന്ന 354 വകുപ്പും ഉപവകുപ്പുകളും അന്നു ജാമ്യം കിട്ടാവുന്നതായിരുന്നുവെന്ന് കോടതി വ്യക്തമാക്കി.