തൃശൂർ: ബുള്ളറ്റോടിച്ച് ടൊവീനോയും സൂംബ ചുവടുവച്ച് ജയസൂര്യയും താരസാന്നിധ്യമായപ്പോൾ പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് സിറ്റി പോലീസ് നടത്തിയ റണ്‍ തൃശൂർ റണ്ണിനു ജനാരവം. പ്രായഭേദമില്ലാതെ ആയിരക്കണക്കിനു പേരാണു റണ്‍ തൃശൂരിൽ പങ്കെടുക്കാനെത്തിയത്.
കൂട്ടയോട്ടം ജയസൂര്യ ഫ്ലാഗ് ഓഫ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ യതീഷ്ചന്ദ്ര അധ്യക്ഷനായി. വാം അപ്പ് ചെയ്യാനായി സംഘടിപ്പിച്ച സുംബ നൃത്തത്തിൽ സിറ്റി പോലീസ് കമ്മീഷണറോടൊപ്പം ജയസൂര്യയും ചുവടുവച്ചു. സംഗീത സംവിധായകൻ രതീഷ് വേഗയും പങ്കെടുത്തു. ഇതോടനുബന്ധിച്ചു നടന്ന ബുള്ളറ്റ് റാലി നയിച്ചത് സിനിമാതാരം ടൊവീനോ ആണ്.
അഞ്ചു കിലോമീറ്റർ ഓട്ടം നഗരം ചുറ്റി തേക്കിൻകാട് മൈതാനിയിൽ സമാപിച്ചു. പത്തു വയസുമുതൽ 94 വയസു വരെയുള്ളവർ കൂട്ടയോട്ടത്തിൽ പങ്കെടുത്തു. തുടർന്ന് നടന്ന ഫിറ്റ്നസ് പ്രദർശനത്തിന് സിൻറോമയും സംഘവും നേതൃത്വം നൽകി. പ്രത്യേകം തയാറാക്കിയ വേദിയിലായിരുന്നു പൊതുചടങ്ങും പരിപാടികളും. ഓട്ടമത്സരത്തിൽ വിജയികളായവർക്കു ചടങ്ങിൽ സർട്ടിഫിക്കറ്റും മെഡലും ജയസൂര്യ വിതരണം ചെയ്തു. എസിപിമാരായ എസ്. ഷംസുദ്ധീൻ, സി.ഡി. ശ്രീനിവാസൻ, പി.എ. ശിവദാസൻ, ടി.എസ്. സിനോജ്, ബിജു ഭാസ്കർ എന്നിവർ നേതൃത്വം നൽകി.
ഓടിയെത്തിയവർക്കു പോലീസിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഒപ്പ് പതിപ്പിക്കാനും സെൽഫിയെടുക്കാനും പ്രത്യേക സജീകരണങ്ങൾ സംഘാടകർ ഒരുക്കിയിരുന്നു. പങ്കെടുത്തവരിൽനിന്ന് ലക്കിഡ്രോയിലൂടെ രണ്ടു വിജയികൾക്കു ചടങ്ങിൽ സമ്മാനം നൽകി. പങ്കെടുത്തവർക്കെല്ലാം ടീഷർട്ടും സർട്ടിഫിക്കറ്റും ലഘുഭക്ഷണവും സിറ്റി പോലീസ് ഒരുക്കിയിരുന്നു.