ഷൂട്ടിംഗ് തുടങ്ങുന്നതിന് മുമ്പ് രണ്ടാഴ്ച മുഴുവന്‍ പെണ്ണായിത്തന്നെ ജീവിച്ചു! മേരിക്കുട്ടി ചെയ്യാന്‍ ജയസൂര്യ അല്ലാതെ മറ്റൊരു നടന്‍ മലയാള സിനിമയിലില്ല; സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍ പറയുന്നു

ഞാന്‍ മേരിക്കുട്ടി എന്ന സിനിമയില്‍ അഭിനയിക്കാനായി നടന്‍ ജയസൂര്യ രണ്ടാഴ്ചക്കാലം പെണ്ണായിത്തന്നെ ജീവിച്ചുവെന്ന് സംവിധായകന്‍ രഞ്ജിത്ത് ശങ്കര്‍. ജയസൂര്യ സിനിമയ്ക്കുവേണ്ടി കാത് കുത്തി.

ഷൂട്ടിങിന് മുന്‍പ് കുറച്ചു ദിവസം സാരിയുടുത്ത് പൊട്ടുതൊട്ട് കമ്മലിട്ട് വീട്ടില്‍ സ്ത്രീയായിത്തന്നെ ജീവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. കാലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മുഖാമുഖത്തില്‍ സംസാരിക്കവെയാണ് രഞ്ജിത്ത് ശങ്കര്‍ സിനിമയുമായി ബന്ധപ്പെട്ട ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയത്.

ആദ്യമായിട്ട് ഈ സിനിമയെക്കുറിച്ച് താന്‍ ആലോചിക്കുന്നത് പ്രേതം എന്ന സിനിമ ഷൂട്ട് ചെയ്യുമ്പോഴാണ്. ഒരു ട്രാന്‍സ്ജെന്‍ഡറിനെ ഇതിനിടയില്‍ പരിചയപ്പെട്ടു. അതോടെ ഇവരെപ്പറ്റിയുള്ള തന്റെ പല തെറ്റിദ്ധാരണകളും മാറി. സ്നേഹം മാത്രമാണ് ഇവരുടെ ഉള്ളില്‍ മുഴച്ചു നില്‍ക്കുന്നതെന്നു മനസിലായി. ഏറ്റവും തെറ്റായി പ്രതിനിധീകരിക്കപ്പെടുന്ന, മനസിലാക്കപ്പെടുന്ന സമൂഹമാണ് അവര്‍ എന്നു മനസിലായി.

അതെത്തുടര്‍ന്നാണ് അവരെപ്പറ്റി ഒരു സിനിമ ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പിന്നീട് പേടി തോന്നിയതിനാല്‍ ഉപേക്ഷിച്ചു. ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുമ്പോള്‍ അവര്‍ക്ക് നേരത്തെത്തന്നെ അകല്‍ച്ചയുള്ള ഒരു വിഭാഗത്തെ എങ്ങനെ പ്രതിനിധീകരിക്കും എന്നതായിരുന്നു വിഷയം. പിന്നീട് പലയിടങ്ങളിലായി അവരെ കൂടുതല്‍ പരിചയപ്പെട്ടു.

പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് കഴിഞ്ഞ് ഒരു വിദേശയാത്രയില്‍ അവിടെയുള്ള ജനങ്ങള്‍ ട്രാന്‍സിനോട് എത്ര മാന്യമായാണ് പെരുമാറുന്നത് എന്ന് ബോധ്യപ്പെട്ടു. ജയസൂര്യയുടെ കൂടെ ചെയ്യുന്ന അഞ്ചാമത്തെ സിനിമയാണ് മേരിക്കുട്ടി. മേരിക്കുട്ടി ചെയ്യാന്‍ ജയസൂര്യ അല്ലാതെ വേറൊരു നടനില്ല. മേയ്ക്കപ്പ് വഴങ്ങുന്ന മുഖംവേണം.

അത് ചില നടന്‍മാര്‍ക്കുണ്ട്. ജയസൂര്യക്കുമുണ്ട്. അദ്ദേഹം ഹാര്‍ഡ് വര്‍ക്ക് ചെയ്യും. ഏറ്റെടുക്കാന്‍ ധൈര്യം വേണം. രൂപംകൊണ്ടും ചേര്‍ന്നതുതന്നെ. അങ്ങനെയാണ് ജയസൂര്യയെ തെരഞ്ഞെടുത്തതെന്നും രഞ്ജിത് ശങ്കര്‍ പറഞ്ഞു.

മേരിക്കുട്ടിയുടെ സ്വഭാവത്തിലൂടെ ജീവിക്കുക എന്നത് ശ്രമകരമായിരുന്നെന്ന് ജയസൂര്യ പറഞ്ഞു. ഇതുവരെയുള്ള കഥാപാത്രങ്ങളെപ്പോലെയല്ല. ഇത് സ്ത്രീയാണ്. ഒരു നൂല്‍പ്പാലമാണ് ക്യാരക്റ്റര്‍. ആക്റ്റിങ് ഇമിറ്റേറ്റിങ് അല്ല. അത് മിമിക്രിയാവും. അതും നമ്മള്‍ ചെയ്തുവന്നതാണ്. ദൈവം ഏല്‍പ്പിച്ച ഒരു നിയോഗംപോലെ അഭിനയം നന്നായി നടന്നുവെന്ന് ജയസൂര്യ പറഞ്ഞു.

Related posts