തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ സിനിമ ചിത്രീകരണം നടക്കുന്നതിനിടെ പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലെടുത്ത കേസില്‍ നടന് ജയസൂര്യ ചോദ്യം ചെയ്യലിനു ഹാജരായി. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനില്‍ എത്തി അന്വേഷണ സംഘത്തിന്നു മുന്നില്‍ ഹാജരായത്.
ആലുവ സ്വദേശിയായ നടി നല്കിയ പരാതിയുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ആരാഞ്ഞെങ്കിലും 16 വര്‍ഷം മുന്‍പ് നടന്ന കാര്യമായതിനാല്‍ തനിക്ക് ഓര്‍മയില്ലെന്നാണ് ജയസൂര്യ അന്വേഷണ സംഘത്തോടു പറഞ്ഞത്.
നടിയെ സിനിമകളില്‍ കണ്ടിട്ടുള്ളതു മാത്രമാണു തന്റെ ഓര്‍മയിലുള്ളതെന്നും നടന് മൊഴി നല്‍കിയിട്ടുള്ളതായാണു വിവരം. രണ്ടു മണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ 11.30 ഓടെ പുറത്തിറങ്ങിയ ജയസൂര്യ താന്‍ ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണെന്നു മാധ്യമങ്ങളോടു പ്രതികരിച്ചു.
തനിക്കെതിരായ രണ്ടു പരാതികളും വ്യാജമാണ്. സെക്രട്ടേറിയറ്റിനു മുന്നില്‍ ഒരു പാട്ടിന്റെ ചിത്രീകരണം നടന്നിരുന്നു. രണ്ടു മണിക്കൂറിലേറെ ചിത്രീകരണം നീണ്ടിരുന്നു. അതില്‍ ആരോപണമുന്നയിച്ച നടിക്ക് അത്ര വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. പിന്നെന്തിനാണ് ആരോപണം ഉന്നയിക്കുന്നതെന്ന് അറിയില്ല. നാളെ പലര്‍ക്കും ഇതുപോലെയുള്ള വ്യാജ ആരോപണങ്ങള്‍ വരാം. നിയമപോരാട്ടവുമായി മുന്നോട്ടു പോകുമെന്നും ജയസൂര്യ വ്യക്തമാക്കി.
അതേസമയം, ജയസൂര്യക്കെതിരായി പരാതി നല്കിയ നടിമാരുടെ മൊഴികളും ഇന്നലെ ജയസൂര്യ നല്കിയ മൊഴികളും വിശദമായി പരിശോധിച്ച ശേഷം തുടര്‍ നടപടികളിലേക്കു കടക്കാമെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രണ്ടു മൊഴികളും ഒത്തുനോക്കിയ ശേഷം ഇതില്‍ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. അതിനു ശേഷം ആവശ്യമെങ്കില്‍ ജയസൂര്യയെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനുമാണു പോലീസ് തീരുമാനമെന്നാണു വിവരം.