വ്യത്യസ്തവും വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ വ്യക്തിയാണ് നടന് ജയസൂര്യ. സിനിമയില്‍ എത്തിയ കാലം മുതല്‍ ഇന്ന് സൂപ്പര്‍സ്റ്റാര്‍ പദവിയോടടുത്തുകൊണ്ടിരിക്കുന്ന സമയത്തും അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങള്‍ക്ക് കുറവ് വന്നിട്ടില്ലെന്നതാണ് സിനിമാസ്വാദകരുടെ ഇഷ്ടതാരമായി മാറാന്‍ ജയസൂര്യയെ സഹായിച്ചതും. മലയാള സിനിമയുടെ മുതല്‍ക്കൂട്ടായി ജയസൂര്യ തുടരുമ്പോള്‍ ആ പാതയിലേയ്ക്ക് തന്നെയാണ് മകനും എന്ന് ചൂണ്ടിക്കാട്ടിയിരിക്കുകാണ് ജയസൂര്യ ഇപ്പോള്‍.
ഒര്‍ലാന്‍ഡോ ചലച്ചത്രമേളയുടെ വേദിയില്‍ നിന്ന് മകന് അദ്വൈതിന്റെ കളര്‍ഫുള്‍ ഹാന്‍ഡ്സ് എന്ന ഹ്രസ്വചിത്രത്തിന്റെ പ്രദര്‍ശനത്തിനു സാക്ഷിയായതിലെ സന്തോഷം പങ്കു വച്ചിരിക്കുകയാണ് ടന്‍ ജയസൂര്യ, തന്റെ ഫേസ്ബുക്ക് പേജിലൂടെ.
ഒര്ലന്ഡോയില് പ്രദര്‍ശനത്തിന്റെ ഭാഗമായി എത്തിയ ഏക ഇന്ത്യക്കാരനും പ്രായം കുറഞ്ഞ സംവിധായകനും അദ്വൈത് ആയിരുന്നു. അദ്വൈതിന്റെ ചിത്രത്തെ ആസ്വാദകര്‍ വരവേറ്റത് കയ്യടികളോടെയാണ്.
മാതാപിതാക്കള്‍ എന്ന നിലയില്‍ ഇതൊരു അഭിമാനനിമിഷമാണെന്ന് താരം പറയുന്നു. തന്റെ ആദ്യചിത്രം തിരശീലയില്‍ കണ്ടപ്പോഴുള്ള അതേ അനുഭവമാണ് മകന്റെ ചിത്രം തിരശീലയില്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നതെന്ന് ജയസൂര്യ പറയുന്നു.
അദ്വൈത് തന്നെയാണ് ഈ ചിത്രത്തിന്റെ കഥയെഴുതിയതും എഡിറ്റ് ചെയ്തതുമെല്ലാം. അഭിനയിച്ചിട്ടുമുണ്ട്. മാലിന്യങ്ങള്‍ മലിനമാക്കുന്ന ചുറ്റുപാടുകളെക്കുറിച്ചാണ് അദ്വൈത് സിനിമയില്‍ പ്രതിപാദിച്ചത്. വഴിയോരങ്ങളില്‍ മാലിന്യം വലിച്ചെറിയുന്ന ആളുകളുടെ ശീലം ഒഴിവാക്കാനുള്ള മാര്‍ഗവും അദ്വൈത് കാണിച്ചുതരുന്നു.